യുനൈറ്റഡ് തലശ്ശേരി സ്‌പോർട്‌സ് ക്ലബ്ബ് ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ സമാപ്തി.

ജിദ്ദ: യുനൈറ്റഡ് തലശ്ശേരി സ്‌പോർട്‌സ് ക്ലബ്ബിന്റെ (UTSC) ആഭിമുഖ്യത്തിൽ ജിദ്ദയിലെ കുരുന്നു പ്രതിഭകളെ അണിനിരത്തി സ്പാനിഷ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ സമാപ്തി. ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ അക്കാദിമകളായ ജെ.എസ്.സി സോക്കർ അക്കാദമി, സോക്കർ ഫ്രീക്സ്, ടാലെന്റ്റ് ടീൻസ്, സ്പോർട്ടിങ് യുണൈറ്റഡ് എന്നീ ടീമുകൾ പന്ത്രണ്ട് വയസ്സിനും പതിനാലു വയസ്സിനും താഴെയുള്ള വിഭാഗങ്ങളിലായി നാല് ടീമുകൾ വീതം പങ്കെടുത്തു.
നോക്ക്ഔട്ട് ടൂർണമെന്റിൽ, പന്ത്രണ്ടു വയസ്സിനു താഴെയുള്ള വിഭാഗത്തിൽ ജെ എസ് സി സോക്കർ അക്കാദമി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ടാലന്റ് ടീൻസിനെയാണ് അവർ തോല്പിച്ചത്.
പതിനാലു വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സോക്കർ ഫ്രീക്‌സിനെ തോൽപ്പിച്ച് അമിഗോസ് സ്പോർട്ടിങ് യുണൈറ്റഡ് ജേതാക്കളായി.
ലൂസേസ് ഫൈനലിൽ പന്ത്രണ്ട് വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സോക്കർ ഫ്രീക്‌സിനെ തോൽപ്പിച്ച് അമിഗോസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പതിനാലു വയസ്സിനു താഴെയുള്ള വിഭാഗത്തിൽ ജെ.എസ്. സി. മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ മാസ്മരികപ്രകടനത്തിനാണ് ജിദ്ദയിലെ കായികപ്രേമികൾ സാക്ഷ്യം വഹിച്ചത്. ജിദ്ദ സ്പാനിഷ് ക്ലബ്ബിൽ മത്സരം വീക്ഷിക്കാൻ രക്ഷിതാക്കളും കായിക പ്രേമികളുമടക്കം നിരവധിപേർ തടിച്ചുകൂടിയ.
ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബായ അൽ അഹ്‌ലിയിലേക്ക് സെലക്ഷൻ കിട്ടിയ ജെ എസ് സി യുടെ എയിസൻ അനസിനെ പ്രത്യേകം ആദരിച്ചു.
പന്ത്രണ്ട് വയസ്സിനു താഴെയുള്ള വിഭാഗത്തിൽ മികച്ച ഗോൾ കീപ്പറായി ടാലന്റ് ടീൻസിന്റെ മുഹമ്മദ് സിയാനെയും, മികച്ച ഡിഫെൻഡറായി ജെ സ് സി യുടെ ആരവിനേയും മികച്ച ഫോർവേഡായി ജെ എസ് സി യുടെ എയിസൻ അനസിനെയും തെരെഞ്ഞെടുത്തു. ഫൈനലിലെ മികച്ച കളിക്കാരനുള്ള പുരസ്ക്കാരവും ജെ എസ് സി യുടെ കുഞ്ഞു പ്രതിഭ ഏയ്‌സൻ അനസ്സിനു ലഭിച്ചു. ടൂർണമെന്റിന്റെ താരമായി ജെ എസ് സി യുടെ അഹമ്മദ് റോഷനെ തിരഞ്ഞെടുത്തു.
പതിനാലു വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ മികച്ച ഗോൾ കീപ്പറായി സോക്കർ ഫ്രീക്‌സിന്റെ സഹലിനെയും, മികച്ച ഡിഫൻഡറായി അമിഗോസിന്റെ അമീൻ അബ്ദുള്ളയെയും, മികച്ച ഫോർവേഡായി അമിഗോസിന്റെ അബ്ദുൽ റസാക്കിനെയും തിരഞ്ഞെടുത്തു. ഫൈനലിലെ മികച്ച താരവും ടൂർണമെന്റിന്റെ താരവും അമിഗോസിന്റെ അബ്ദുൽ റസാഖിന് തന്നെ ലഭിച്ചു.
നിസാർ കുന്നുംപുറം ആസിഫ് മമ്പാട് എന്നിവരാണ് ടൂർണമെന്റിലെ മുഴുവൻ കളികളും നിയ്രന്തിച്ചത്. യൂ.ടി.എസ്.സി യുടെ മുഴുവൻ അംഗങ്ങളും സമ്മാനദാന ചടങ്ങുകൾക്ക് നേത്യത്വം നൽകി.






