‘ജീവസ്പന്ദനം 2024’, 1086 യൂണിറ്റ് രക്തം നൽകി കേളി

റിയാദ്: ഈ വർഷത്തെ ഹജ്ജ് മുന്നൊരുക്കങ്ങൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വൻ ജനപിന്തുണ. 1426 പേർ പങ്കാളികളായ ക്യാമ്പിൽ 1086 യൂണിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ നീണ്ടുനിന്നു. വിവിധ കാരണങ്ങളാൽ 340 പേരുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ല. 1150 പേര് പങ്കാളികളായ 2023-ലെ ആറാമത് ക്യാമ്പിലേതിനേക്കാൾ ജനപിന്തുണയാണ് ഈ വർഷത്തെ രക്തദാന ക്യാമ്പിന് ലഭിച്ചത്.

മലാസ് ലുലു ഹൈപ്പറിൽ നടന്ന പരിപാടിയിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് സെന്റ്റൽ ബ്ലഡ് ബാങ്കും, സൗദി മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ കീഴിലുള്ള പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം സ്വീകരിച്ചു.

കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, സിറിയ, യമൻ, ജോർദാൻ, ഫിലിപ്പൈൻസ്, നേപ്പാൾ, സൗദി സൗദി അറേബ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുമായി 1426 പേർ ക്യാമ്പിൽ പങ്കാളികളയി. ഇത്തവണ റിയാദ് ബ്ലഡ് ബാങ്കിന് പുറമെ, മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം ആവശ്യപ്പെട്ട് കേളിയെ സമീപ്പിച്ചിരുന്നു. രാവിലെ 8 മുതൽ 12 മണി വരെ മിലിട്ടറി മെഡിക്കൽ സിറ്റിയും, തുടർന്ന് റിയാദ് ബ്ലഡ് ബാങ്ക് വൈകിട്ട് 7 വരെയും 1086 പേരുടെ രക്തം ശേഖരിച്ചു.

പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുടെ 36 മെഡിക്കൽ സ്റ്റാഫും, 20 ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തിന് ഡോക്ടർ മുസാദും, സൗദി ആരോഗ്യ മന്ത്രാലത്തിലെ 41 മെഡിക്കൽ സ്റ്റാഫും 30 ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടർ ഖാലിദ് അൽ സൗബീയയും കേളിയുടെ 110 അംഗ വളണ്ടിയർ ഗ്രൂപ്പിന് വളണ്ടിയർ ക്യാപ്ടൻ ഗഫൂർ ആനമങ്ങാടും നേതൃത്വം നൽകി.

20 ബെഡ് യൂണിറ്റുകളും, 6 പേരുടെ വീതം രക്തം ശേഖരിക്കാവുന്ന 2 ബസ്സുകളിലുമായി 32 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്ന തരത്തിലുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്.

കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ കേളി ജോയന്റ് സെക്രട്ടറി സുനിൽകുമാർ ആമുഖ പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ക്യാമ്പിന്റെ പ്രസക്തിയെ കുറിച്ച് വിശദീകരണം നൽകി. തുടർന്ന് റിയാദ് സെന്‍ട്രല്‍ ബ്ലഡ്‌ ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായി, കിംഗ് സഊദ് മെഡിക്കൽ സിറ്റി ബ്ലഡ്‌ ബാങ്ക് മാനേജർ അലി അല്‍ സുവൈദി, പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി ഡോക്ടര്‍ ഫവാസ് അല്‍ ഒതൈബി, മലാസ് ലുലു മാനേജര്‍ ആസിഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഖാലിദ് സൗബായി, ഫവാസ് അല്‍ ഒതൈബി, ആസിഫ് എന്നിവര്‍ക്ക് സുരേഷ് കണ്ണപുരം, സെബിന്‍ ഇക്ബാല്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍ യഥാക്രമം കേളിയ്ക്കു വേണ്ടി മെമന്റോകള്‍ കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ മധു എടപ്പുറത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ കുവ്വോട്, കിംഗ് സഊദ് ബ്ലഡ് ബാങ്ക് സ്റ്റാഫുകളായ സിസ്റ്റര്‍ അമാനി മെദവദ് അല്‍ഷംരി, ഷരീഫ അലി അല്‍വാബി, മറിയം സാലെ അല്‍മുതൈരി എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര നന്ദിയും പറഞ്ഞു.