പുതുതായി രജിസ്റ്റർ ചെയ്‌ത ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുള്ള ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് വളണ്ടിയർ സേവനത്തിന് ഈ വർഷം രജിസ്റ്റർ ചെയ്ത 400 ഓളം വരുന്ന പുതിയ വളണ്ടിയർമാർക്ക് പ്രത്യക പരിശീലന ക്യാമ്പ് നടത്തി. മിനയുടെ ഭൂമി ശാസ്ത്രം, റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, തുടങ്ങി പ്രധാന പോയിന്റുകൾ കെഎംസിസി ഹജ്ജ് സെൽ തയ്യാറാക്കുന്ന മാപ് റീഡ് ചെയ്‌തു മനസിലാക്കുന്നതിനും, ഹാജിമാരുടെ വിവിധ ഐഡികൾ ഉപോയോഗിച്ചു ടെന്റുകൾ കണ്ടെത്തുന്നതിനുള്ള പരിശീലനം, തിരക്കുള്ള സമയങ്ങളിലും കഠിനമായ ചൂടിലും ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, അവശരായും രോഗികളായും കണ്ടെത്തുന്ന ഹാജിമാരെ പരിചരിക്കുന്നതിനുള്ള പരിശീലനം എന്നിവ വ്യത്യസ്‌ത സെഷനുകളിൽ നടന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ആക്ടിങ് പ്രസിഡണ്ട് സി.കെ.എ റസാഖ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു. നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു. വി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. നാഷണൽ കെഎംസിസി ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ക്യാപ്റ്റൻ സിറാജ് കണ്ണവം, വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ, അബു കട്ടുപ്പാറ, കോർഡിനേറ്റർമാരായ അഫ്‌സൽ നാറാണത്ത്, ഫൈറൂസ് കൊണ്ടോട്ടി തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്‌ളാസുകളെടുത്തു. സദസിൽനിന്നുള്ള പുതിയ വളണ്ടിയർമാരുടെ സംശയങ്ങൾ ദൂരീകരിച്ചും ചോദ്യങ്ങൾക്ക് മറുപടി നൽകിയും ക്യാപ്റ്റന്മാരും കോർഡിനേറ്റര്മാരും പരിശീലനം കുറ്റമറ്റതാക്കി. ജിദ്ദ കെഎംസിസി
ഭാരവാഹികളും വിവിധ ജില്ലാ ഹജ്ജ് കോർഡിനേറ്റർമാരും ക്യാമ്പ് നിയന്ത്രിച്ചു.

രണ്ടാം ഘട്ടത്തിൽ കെഎംസിസി ഹജ്ജ് വളണ്ടിയര്മാരായി രജിസ്റ്റർ ചെയ്‌ത കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ, വനിതാ കെഎംസിസി വളണ്ടിയർമാർ എന്നിവർക്കുള്ള പരിശീലന ക്യാമ്പുകൾ രാവിലെയും ഉച്ചക്കും രണ്ടു സെഷനുകളിലായി മെയ് 24ന് ഷറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കും. 2000 ത്തോളം വരുന്ന ജിദ്ദ കെഎംസിസിയുടെ ഹജ്ജ് വളണ്ടിയർമാർക്കുള്ള അവസാന പരിശീലന ക്യാമ്പ് ജൂൺ 7 നു ഹറാസാത്തിൽ വിശാലമായ ഹലാ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക.

ജിദ്ദ എയർ പോർട്ടിൽ ആദ്യത്തെ ഇന്ത്യൻ ഹജ്ജ് സംഘം വന്നിറങ്ങിയത് മുതൽ ജിദ്ദ കെഎംസിസി എയർ പോർട്ട് വിങ് കൺവീനർ നൗഫൽ റഹീലിയുടെ നേതൃത്വത്തിൽ കെഎംസിസി വളണ്ടിയർമാർ എല്ലാ ദിവസങ്ങളിലും കർമ്മ നിരതരാണ്. അള്ളാഹുവിന്റെ അഥിതികളായി പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാരെ എല്ലാ അർത്ഥത്തിലും സേവനം ചെയ്യുന്നതിന് കഴിവുറ്റ സന്നദ്ധ സേവക സംഘത്തെ തയ്യാറാക്കുക എന്നതാണ് ജിദ്ദാ കെ എം സി സി സെൻട്രൽ കമ്മിറ്റി ലക്ഷ്യം വെക്കുന്നത്.