ജിദ്ദാ കെ എം സി സി സെൻട്രൽ കമ്മിറ്റി രണ്ടായിരം പേരെ ഹജ്ജ് സേവനത്തിനു നിയോഗിക്കും

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് വിശുദ്ധ നഗരങ്ങളിലും പുണ്യസ്ഥലങ്ങളിലും സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ സന്നദ്ധപ്രവർത്തകരെ പ്രാപ്തരാക്കുന്നതിനായി വളണ്ടിയർ സേവനം കുറ്റമറ്റ രീതിയിൽ ചെയ്യുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ ജിദ്ദ കെഎംസിസി ഹജ്ജ് സെല്ലിന്റെ വിപുലമായ യോഗം ചേർന്നു. സി കെ എ റസാഖ് മാസ്റ്ററുടെഅധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ഉത്ഘാടനം ചെയ്തു.

ഇന്ത്യൻ ഹജ്ജ് മിഷന്റെ പൂർണ്ണ ഏകോപനത്തോടെയും സഹകരണത്തോടെയും കെ എം സി സി ഹജ്ജ് സെല്ലിന്റെ ആഭിമുഘ്യത്തിലായിരിക്കും സേവന പ്രവർത്തങ്ങൾ നടത്തുക. ഹാജികൾക്ക് സന്നദ്ധസേവനങ്ങൾ സുഗമമാക്കുന്നതിനുള്ള, ഹജ്ജ് സന്നദ്ധസേവനത്തിന്റെ വിവിധ വശങ്ങൾ യോഗം ചർച്ച ചെയ്തു. തീർത്ഥാടകരുടെ വരവിന്റെ ആദ്യ ദിവസം മുതൽ അവസാന തീർത്ഥാടകൻ മടങ്ങുന്നത് വരെ വിവിധ ചുമതലകൾ നിർവഹിക്കുന്നതിന് സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഹജ്ജ് ടെർമിനലിലും വിശുദ്ധ സ്ഥലങ്ങളായ മിന, അറഫാത്ത്, മുസ്‌ദലിഫ, ജമരാത്ത്, മശാഇർ ട്രെയിൻ സ്റ്റേഷനുകൾ, തീർത്ഥാടകരുടെ താമസസ്ഥലങ്ങൾ അസീസിയ എന്നിവിടങ്ങളിൽ ഹജ്ജ് ദിവസങ്ങളിൽ തീർത്ഥാടകരെ സേവിക്കുന്നതിൽ സന്നദ്ധപ്രവർത്തകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നൂറിലധികം ക്യാപ്റ്റന്മാരുടെയും കോർഡിനേറ്റർമാരുടെയും നേതൃത്വത്തിലായിരിക്കും വളണ്ടിയർമാരെ നിയുക്ത സ്റ്റേഷനുകളിൽ വ്യന്യസിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. മെഹ്‌റമില്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ ടെന്റുകളിൽ സദാ സമയവും ജിദ്ദ കെഎംസിസി വനിതാ വിങ്ങിന്റെ വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത വനിതാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ മെയ് 10 നു അവസാനിക്കുന്നതോടെ, എയർപോർട്ട് , കഞ്ഞി വിതരണ വിങ്, വീൽ ചെയർ വിങ്, മെഡിക്കൽ വിങ്, എമെർജൻസി വിങ്, മശാഇർ ട്രെയിൻ, ജമറാത്ത് വിങ്ങുകൾ, വനിതാ വിങ്ങ്, തുടങ്ങി വിവിധ വിങ്ങുകളായി തിരിച്ചു അതാതു വിങ്ങുകൾ പ്രത്യക യോഗം ചേർന്ന് സേവന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ റജിസ്റ്റർ ചെയ്ത എല്ലാ വളണ്ടിയർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ജൂൺ ആദ്യ വാരം ഏകദിന ക്യാമ്പ് നടത്തി വളണ്ടിയർ പരിശീലനം പൂർത്തിയാക്കും. ജിദ്ദ കെഎംസിസി ഹജ്ജ് സെൽ മാപ് ഡിസൈനിങ് വിഭാഗം പ്രത്യകമായി പുറത്തിറക്കുന്ന മിന മാപ്പ് ഉപയോഗിച്ച് മിനായിലെ റോഡുകൾ, പാലങ്ങൾ, പോളുകൾ ,ടെന്റുകൾ, ആശുപത്രികൾ തുടങ്ങി മിന മാപ്പ് റീഡിങ്ങിനും, ഹാജിമാരുടെ ഐഡികളും കയ്യിൽ ധരിക്കാനുള്ള തിരിച്ചറിയൽ വളകളും, റോഡ് നമ്പറുകൾ, പോൾ നമ്പറുകൾ, ടെന്റ്, മുത്തവ്വഫ് നമ്പറുകൾ ഉപയോഗിച്ച് ടെന്റുകൾ ലൊക്കേറ്റ് ചെയ്തു വഴിതെറ്റുന്ന ഓരോ ഹാജിയെയും ടെന്റുകളിൽ എത്തിക്കുന്നതിനുള്ള പരിശീലനവും, തിരക്കേറിയ സമയങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളണ്ടിയർമാരുടെ ആരോഗ്യ പ്രശ്നങ്ങൾ, പുണ്യ സ്ഥലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗ നിർദേശങ്ങൾ നൽകി വളണ്ടിയർമാരെ പ്രാപ്തരാക്കിയ ശേഷമായിരിക്കും സേവനത്തിനിറക്കുക.
രണ്ടായിരത്തോളം വളണ്ടിയര്മാരെയാണ് ഈ വർഷം ജിദ്ദ കെഎംസിസി രംഗത്തിറക്കാൻ തീരുമാനിച്ചിട്ടുള്ളത്, സൗദി നാഷണൽ കെഎംസിസി ഹജ്ജ് സെല്ലിനു കീഴിൽ ജിദ്ദ കെഎംസിസിയുടേതുൾപ്പെടെ വിവിധ പ്രവിശ്യാ സെൻട്രൽ കമ്മിറ്റികളുടെ വളണ്ടിയർമാരും കർമ്മ രംഗത്തുണ്ടാവും. യാതൊരു വിധ പ്രതിഫലവും മോഹിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കഠിനമായ ചൂടിലും സേവന രംഗത്തിറങ്ങുന്ന കെഎംസിസി വളണ്ടിയർമാർ കഴിഞ്ഞ കാലങ്ങളിൽ സൗദി അധികൃതരുടെപോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വഴിതെറ്റി അവശരായി പൊലീസുകാരെ സമീപിക്കുന്ന ഹാജിമാരെ ടെന്റുകളിൽ എത്തിക്കാനും, ഭാഷ വശമില്ലാത്ത ഹാജിമാരുടെ പ്രശ്നമെന്താന്നറിയുന്നതിനും കെഎംസിസി വളണ്ടിയർമാരെ അധികൃതർ സമീപിക്കാറുണ്ട്.
ഇസ്‌മയിൽ മുണ്ടക്കുളം,നസീർ വാവക്കുഞ്ഞു, ജലീൽ ഒഴുകൂർ, നാഷണൽ ഹജ്ജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജിദ്ദ ഹജ്ജ് സെൽ ക്യാപ്റ്റൻ സിറാജ് കണ്ണവം, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ.ബാവ, ഹസൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, സക്കീർ മണ്ണാർമല, ഹുസൈൻ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട, വൈസ് ക്യാപ്റ്റൻ മാരായ അബു കാട്ടുപാറ, നിസാർ മടവൂർ, കോർഡിനേറ്റർമാരായ ഫൈറൂസ് കൊണ്ടോട്ടി, അഫ്‌സൽ നാറാണത്ത് , വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടുപറമ്പ് (മലപ്പുറം), ഷബീറലി (കോഴിക്കോട്), സക്കറിയ ആറളം (കണ്ണൂർ), അബ്ദുള്ള ഹിറ്റാച്ചി(കാസർഗോഡ്), ഷാജി പാലക്കടവ് (പാലക്കാട്), ശിഹാബ് (വയനാട്), റഷീദ് (എറണാകുളം സൗത്ത് സോൺ), വിവിധ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സെക്രട്ടറിമാർ, വളണ്ടിയർ കോർഡിനേറ്റർമാർ, വളണ്ടിയർ ഗ്രൂപ്പ് ക്യാപ്റ്റന്മാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വി പി മുസ്തഫ സ്വാഗതവും ഷൗക്കത്ത് ഞാറക്കോടൻ നന്ദിയും പറഞ്ഞു.





