ഷിയാപള്ളി ആക്രമിക്കാനുള്ള തീവ്രവാദ പദ്ധതി തകര്‍ത്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം


കുവൈറ്റ്: ഷിയാ വിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി ആളുകളെ കൊലപ്പെടുത്താനുള്ള ഒരു തീവ്രവാദ ഗ്രുപ്പിന്റെ പദ്ധതി പരാജയപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അറബ് പൗരന്‍മാരായ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീവ്രവാദ സെല്ലിന്റെ പ്രവര്‍ത്തനം സുരക്ഷാവിഭാഗം നിരീക്ഷിക്കുകയും അറബ് പൗരന്‍മാരായ 3 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്താരാഷ്ട്ര തീവ്രവാദ സംഘടനയുടെ ഭാഗമായ സംഘം പള്ളികളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികള്‍ ടുണീഷ്യന്‍ പൗരന്മാരാണെന്നും അന്താരാഷ്ട്ര ഭീകര സംഘടനയുമായി ദീര്‍ഘകാലമായി അനുഭാവം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പള്ളികളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അടുത്ത ദിവസങ്ങളിലായി കുവൈറ്റില്‍ ആക്രമണം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ആക്രമണത്തിനു മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചു. വിദേശത്തുള്ള തീവ്രവാദ നേതാക്കളുമായി വളരെക്കാലമായി പ്രതികള്‍ ആശയവിനിമയം നടത്തുകയും അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും റിപോർട്ടുണ്ട്. മൂന്ന് പ്രതികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്രവാദ സെല്ലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 20 പേര്‍കൂടി നിരീക്ഷണത്തിലാണ്.






