അൽഹുദാ സ്‌പോർട്‌സ് മീറ്റ് 2024 വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു

ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്റസ വിദ്യാർഥികളുടെ കായികമേള ‘അൽഹുദാ സ്പോർട്സ്‌ മീറ്റ് 2024’ ഹയ്യ സാമിറിലെ അൽ ദുർറാ വില്ലയിൽ വെച്ച് നടന്നു. പ്രവാസി വിദ്യാർഥികളുടെ കായിക രംഗത്തെ കഴിവുകൾ പ്രകടമാക്കുന്നതായിരുന്നു ഓരോ മത്സര ഇനങ്ങളും. നാല്‌ ഹൗസുകളിലായി വിവിധ കാറ്റഗറികളിൽ 300 ലധികം വിദ്യാർഥികൾ പങ്കെടുത്ത മീറ്റിൽ ബ്ലൂ ഹൗസ് ചാമ്പ്യന്മാരായി. റെഡ്, യെല്ലോ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അൽ ഹുദാ പ്രിൻസിപ്പൽ ലിയാഖത് അലി ഖാൻ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജമാൽ ഇസ്മായിൽ എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു.

ബഡ്സ്, കിഡ്സ്‌, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി, 50, 100 മീറ്റര്‍ ഓട്ടം, റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, സാക് റെയ്‌സ്, ഷോട്ട്പുട്ട്, ലമണ്‍ & സ്പൂണ്‍, ബോള്‍ ഗാതെറിംഗ്, കാന്റി ഗാതെറിംഗ്, ബോള്‍ പാസിംഗ്, റിംഗ് പാസിംഗ് തുടങ്ങി വിവിധ ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഓരോ ഇനങ്ങളിലും മദ്രസാ വിദ്യാർത്ഥികളുടെ പങ്കാളിത്തം കായിക മത്സരങ്ങൾക്ക് പുതു തലമുറ നൽകുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ റെഡ് ഹൗസ് ചാമ്പ്യന്മാരായി, യെല്ലോ ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി, കാൽപന്ത് കളിയുടെ കേരളീയ പൈതൃകം നിലനിർത്തുന്നതായിരുന്നു ഫുട്ബാൾ മത്സരങ്ങൾ.
മദ്രസാ പാരൻറ്സിനായി നടത്തിയ പുരുഷന്മാരുടെ സാക് റെയ്‌സ് മത്സരവും വനിതകളുടെ റിങ് പാസിംഗ്‌ മത്സരവും ആവേശകരമായി.

വിവിധ ഹൗസുകളിലെ വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ഹൗസ് ലീഡർമാർ നേതൃത്വം നൽകി. സമദ് കാരാടൻ, അസൈനാർ അങ്ങാടിപ്പുറം, അൽഹുദാ മദ്‌റസ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ ബ്ലൂ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രീൻ, യെല്ലോ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടികളുടെ മാർച്ച്‌ പാസ്റ്റിനു പിന്നിലായി അണിനിരന്ന പുരുഷ, വനിതാ വളണ്ടിയർമാരുടെ മാർച്ച് പാസ്റ്റ് ആവേശകരമായി. വളണ്ടിയർ മാർച്ച്‌ പാസ്റ്റിന് ക്യാപ്റ്റൻ അബ്ദുൽ നാസർ നേതൃത്വം നൽകി.

കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള മെഡലുകൾ ഇസ്ലാഹി സെന്റർ ഭാരവാഹികളായ സലാഹ് കാരാടൻ, അബ്ദുൽ ഗഫൂർ വളപ്പൻ, ഹംസ നിലമ്പൂർ, ജമാൽ ഇസ്മായിൽ, റഷാദ് കരുമാര, പ്രിൻസാദ് പാറായി, ഐവോ ഭാരവാഹികൾ തുടങ്ങിയവർ വിതരണം ചെയ്തു. കായിക മത്സരങ്ങൾക്ക് ഷക്കീൽ ബാബു, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, ഇഖ്ബാൽ മാസ്റ്റർ, ശിഹാബ് പി.സി, അബു കട്ടുപ്പാറ, ഷെഫീഖ് പട്ടാമ്പി, നിഷാത്ത് ഷമീർ, ഷിറിൻ ജമാൽ, ഷിബിന, സാരിത, മുബീന തുടങ്ങിയവർ നേതൃത്വം നൽകി.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കായിക മത്സരങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് മദ്രസയിലെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച കലാവിരുന്ന് നയനാനന്ദകരമായിരുന്നു. കലാ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും കൊറിയോഗ്രാഫി നിർവഹിച്ച അധ്യാപകർക്കുമുള്ള ട്രോഫികൾ ഡോ. സാജിദ് ബാബു (ബദറുദ്ദീൻ പോളി ക്ലിനിക്), ഡോ. ഷജ്മീർ (അൽ അബീർ മെഡിക്കൽ സെന്റർ), സമദ് കരാടാൻ, ബരീറ അബ്ദുൽ ഗനി തുടങ്ങിയവർ വിതരണം ചെയ്തു.

മത്സരങ്ങൾ സംഘടിപ്പിച്ച അൽ ദുർറാ വില്ലയിൽ ഒരുക്കിയ നാടൻ തട്ടുകട നാട്ടിൻ പുറത്തെ തട്ടുകടയുടെ നേർകാഴ്ച ആയിരുന്നു, ഫൈസൽ പാറപ്പുറത്ത് , സെമീർ ആലുക്കൽ, സലീൽ ടി. കെ, ജൈസൽ, സൈനുദ്ദീൻ തുടങ്ങിയവർ നാടൻ വിഭവങ്ങളൊരുക്കി തട്ടുകടയെ സജീവമാക്കി.