‘സൗദി ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ജനുവരി 19നു ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ

♠ അബു സ്വഫ
ജിദ്ദ: ഗുഡ്‌വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവ് സംഘടിപ്പിക്കുന്ന ‘സൗദി ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടക്കും. ഫെസ്റ്റിവെല്‍ വന്‍ വിജയമാക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം ആറ് മുതല്‍ രാത്രി പത്തര മണിവരെയാണ് പരിപാടി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യാതിഥി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പരിപാടി ഉദ്ഘാടനം ചെയ്യും. അറബ് മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഊന, സൗദി കവി അബ്ദുല്ല ഉബൈയാന്‍, സൗദി ശുറാ കൗണ്‍സില്‍ മുന്‍ അംഗം ലിന അല്‍മഊന, മക്ക മദ്രസത്തു സൗലത്തിയ മേധാവി ഡോ. ഇസ്മായില്‍, മയ്മനി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ഇന്ത്യന്‍ വംശജരടക്കമുള്ള നുറുകണക്കിന് സൗദി പ്രമുഖരടക്കം രണ്ടായിരത്തിലേറെ പേര്‍ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കും. സൗദി ഇന്ത്യന്‍ സാംസ്കാരിക പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസവിചക്ഷണര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ച് മണി മുതല്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യമാണ്.
‘അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദ പെരുമ’ എന്ന ശീര്‍ഷകത്തിലുള്ള അറബ്‌നാടും ഇന്ത്യയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ സൗഹൃദം, പങ്കാളിത്തം എന്നിവ അടയാളപ്പെടുത്തുന്നതാണ് സാംസ്‌കാരികോത്‌സവം. സൗദി ഇന്ത്യന്‍ കലാകാരന്‍മാര്‍ അണിനിരക്കുന്ന അറബ് ഇന്ത്യന്‍ പരമ്പരാഗത പരിപാടികള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ഉപരക്ഷാധികാരി അസീം സീഷാന്‍ എന്നിവര്‍ സംബന്ധിച്ചു.






