‘ദക്ഷിണ കേരള ഇസ്‌ലാമിക് കൾച്ചറൽ സെൻറർ’ നിലവിൽ വന്നു

ജിദ്ദ: ഏഴു പതിറ്റായി തെക്കൻ കേരളം ആസ്ഥാനമാക്കി സമുദായ നവോത്ഥാനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മഹത്തായ പ്രസ്ഥാനമായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ഗ്ലോബൽ കമ്മറ്റി ‘ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻറർ’ (ഡി.കെ.ഐ.സി.സി) നിലവിൽ വന്നതായി ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
സൈഫുദ്ദീൻ ബാഖവി ചടയമംഗലം, അജ്മാൻ (ചെയർമാൻ), ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, ജിദ്ദ (പ്രസിഡൻറ്), അബ്ദുൽ കലാം മൗലവി അമ്പലംകുന്ന്, കുവൈത്ത് (വൈസ്. പ്രസി), മനാഫ് മൗലവി അൽ ബദ്രി പനവൂർ, ജിദ്ദ(ജനറൽ സെക്രട്ടറി), മുനീർഷാ തണ്ടാശ്ശേരി, റിയാദ് (ജോ. സെക്രട്ടറി) ജലാലുദ്ദീൻ അൽ ഖാസിമി പാറത്തോട്, ഒമാൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

ഹാഫിസ് അഹ്മദു ഷഹീർ (റിയാദ്), കാഞ്ഞിരപ്പള്ളി(റിയാദ്), സൈനുദ്ദീൻ ബാഖവി റോഡുവിള (അൽ ജുബൈൽ), നൗഷാദ് നദ്വി, ചങ്ങനാശ്ശേരി(ദുബൈ), ഇസ്മായിൽ മുസ്‌ലിയാർ മണപ്പള്ളി (അൽഖോബാർ), നാഷാദ് മന്നാനി തൊടിയൂർ(ഫുജൈറ), നിമിർ മൈലാപ്പൂർ(അജ്മാൻ) എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
നേരത്തെ വിവിധ രാജ്യങ്ങളിൽ പ്രവാസികൾ കൂടിച്ചേർന്ന് കെ.എം.ജെ.എഫ്, കെ.എം.വൈ.എഫ് എന്നതുൾപ്പെടെ വിവിധ പേരുകളിൽ പ്രാദേശിക കൂട്ടായ്മകളായി പ്രവൃത്തിച്ചവരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മുഴുവൻ സഹകാരികളെയും സ്നേഹിതരേയും ചേർത്ത് ‘ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻറർ’ (ഡി.കെ.ഐ.സി.സി) എന്ന പേരിൽ ഏകീകൃത വേദി രൂപീകരിച്ചിരിക്കുകയാണ്. തുടർന്നങ്ങോട്ട് ഡി.കെ.ഐ.സി.സി ദക്ഷിണയുടെ പോഷക ഘടകമായി നിലകൊള്ളും.
ഡി.കെ.ഐ.സി.സി പ്രധാനമായും മാനവ ഐക്യം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സേവന- സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക ജീർണ്ണതകൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ, പ്രവാസികളുടെ മത സാംസ്കാരിക നിയമ ബോധവൽക്കരണ ക്ഷേമ പ്രവർത്തനങ്ങൾ, പ്രവാസികളുടെ പുനരധിവാസ പ്രക്രിയകൾക്ക് നേതൃത്വം നൽകൽ എന്നിവ അവയിൽ ഊന്നിയാണ് പ്രവൃത്തിക്കുക.
വാർത്താ സമ്മേളനത്തിൽ ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സ്റ്റേറ്റ് സെക്രട്ടറി സി എ മുസാ മൗലവി മുവാറ്റുപുഴ, ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, മനാഫ് മൗലവി അൽ ബദ്രി, സൈദു മുഹമ്മദു മൗലവി അൽ കാശിഫി കാഞ്ഞിരപ്പള്ളി, മസ്ഊദു മൗലവി ബാലരാമപുരം എന്നിവർ പങ്കെടുത്തു.






