70 കിലോമീറ്റര്‍ പ്രത്യേക സൈക്കിള്‍ പാത ആരംഭിച്ച് മദീന മുനിസിപ്പാലിറ്റി

♠ അബു സ്വഫ

മദീന: 70 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാന റോഡുകളിലും പാര്‍പ്പിട പരിസരങ്ങളിലും മദീന മുനിസിപ്പാലിറ്റി സൈക്കിള്‍ പാതകള്‍ പൂര്‍ത്തിയാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘നഗര മാനവികവല്‍ക്കരണം’ പദ്ദതിയുടെയും നഗരവികസന സംവിധാനത്തിലും ഉള്‍പ്പെടുത്തിയാണ് പാതകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിവിധ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൊതു ഇടങ്ങള്‍ തയ്യാറാക്കി പൊതുജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ദതിയുടെ ഭാഗമാണ് നടപ്പാതയുടെ നിര്‍മ്മാണം. ഏകദേശം ഒരു വര്‍ഷമെടുത്താണ് മദീന മുനിസിപ്പാലിറ്റി സൈക്കിള്‍ പാതകള്‍ പണിതിട്ടുള്ളത്.

പുതിയ സൈക്കിള്‍ പാതകള്‍ വ്യായാമത്തിലും കായികത്തിലും താല്‍പര്യമുള്ള തുടക്കക്കാരുടെയും പ്രൊഫഷണലുകളുടെയും കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനു ഉപകരിക്കും. ആരോഗ്യ-കായിക അവബോധം വളര്‍ത്തുന്നതിനും സഹായകമാകും. സൈക്കിളുകള്‍ ചെറിയ ഗതാഗത സഞ്ചാരത്തിനായി ഉപയോഗിക്കാന്‍ സഹായകമാവുകയും ചെയ്യും. പൊതുഗതാഗതത്തിനു ബദലായ ഒരു സുരക്ഷിതമായ യാത്രയ്ക്ക് സഹായിക്കമാകുമെന്നും അധികൃതര്‍ പറഞ്ഞു.

‘കരീം ബൈക്ക് സേവനം’ എന്ന പദ്ധതി വഴി മദീനയില്‍ 165-ലധികം സൈക്കിള്‍, സ്‌കൂട്ടര്‍ സ്‌റ്റേഷനുകള്‍ ഉണ്ട്. മദീനയിലെ സുപ്രധാന സ്ഥലങ്ങളില്‍ മദീന നിവാസികള്‍ക്കും മദീന സന്ദര്‍ശകര്‍ക്കും യാത്രക്കായി പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗമായി പാത ഉപയോഗിക്കാനാകും.