മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദമ്മാം ഒ ഐ സി സി പ്രതിഷേധിച്ചു

ദമ്മാം: നവകേരള യാത്രയെന്ന പേരിൽ കേരളത്തിൻ്റെ പോതുമുതൽ ധൂർത്തടിച്ച് വിനോദയാത്ര നടത്തിയ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്, കെ എസ്‌ യു പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നരനായാട്ടിലും, മുഖ്യമന്ത്രിയുടെ ഗുണ്ടാരാജിലും പ്രതിഷേധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീതിക്കായി പ്രതിഷേധത്തെ ചോരക്കളമാക്കാൻ മത്സരിച്ച പോലീസ് ഗുണ്ടായിസമാണ് കേരളം കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ഇത്രമേൽ അപഹാസ്യമാക്കിയ ഒരു സർക്കാർ മുമ്പ് മുമ്പ് ഉണ്ടായിട്ടില്ല. കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സിൻറെ നേതാക്കൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ടിയർ ഗ്യാസ് പ്രയോഗിച്ച പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. നേതാക്കളെയും പ്രവർത്തകരെയും തെരുവിൽ തല്ലിച്ചതച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് പ്രതിധേധ സദസ്സ് ഉത്ഘാടനം ചെയ്തുകൊണ്ട് റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഇ കെ സലിം പറഞ്ഞു.

നവകേരള സദസിനെ ജനം അവജ്ഞയോടെ തള്ളിക്കളഞ്ഞതിന്റെ ജാള്യത മറയ്ക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം സിപിഎം ക്രിമിനലുകളും പോലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ് ഉണ്ടായത്. മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആലപ്പുഴയില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പോലീസും മൃഗീയമായിട്ടാണ് മര്‍ദ്ദിച്ചത്. ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്ക് മാരക പരിക്കേൽക്കുകയുണ്ടായി. രണ്ടു കാലുമില്ലാത്ത അജിമോൻ കണ്ടല്ലൂർ എന്ന യൂത്ത് കോൺഗ്രസ്സ് നേതാവിനെ പോലീസിൻറെ കാവലിലാണ് ഡി വൈ എഫ് ഐ ഗുണ്ടകൾ അതി ക്രൂരമായി മർദിച്ചത്. ഇതിൽ നിന്നെല്ലാം ഒരു പടി കടന്ന് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലുള്ള സ്ത്രീകള്‍ക്കെതിരെയും ആക്രമണം അഴിച്ചു വിടാൻ തുടങ്ങിയിരിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അനുവാദത്തോടെയാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് പ്രതിഷേധ സദസ്സ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഗൺമാൻമാർ തെരുവ് ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയതിനെതിരെ കോടതി പോലും പ്രതികരിച്ചതിന്റെ തെളിവാണ്, കഴിഞ്ഞ ദിവസം കോടതി നടത്തിയ പരമർശം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാൽ അറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദ്ദേശിച്ചത്.

സമാധാനത്തിന്റെ പാതയിൽ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകണം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഗ്രഹം. കോൺഗ്രസ്സ് പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്ന സിപിഎം ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. കലാപത്തിനുള്ള ആഹ്വാനം പിൻവലിച്ച് പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തി നാട്ടിൽ സമാധാനം പുലർത്തുവാനുള്ള മുഖ്യമന്ത്രിയുടെ കടമ നിർവ്വഹിക്കണമെന്ന് പിണറായി വിജയനോട് യോഗം ശക്തമായി ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചു വന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജനവിരുദ്ധ ഗുണ്ടാ സർക്കാരിനെതിരെ അത്യധികം അവേശത്തോടെ മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കാളികളായി.