ഖുർആൻ  മാനുഷിക  പ്രശ്നങ്ങൾക്കുള്ള പരിഹാരം: ഖുർആൻ സംഗമം

ജിദ്ദ : ‘വിശ്വ മാനവികതയ്ക്ക്  വേദവെളിച്ചം’ എന്ന പ്രമേയത്തിൽ ജനുവരി  25 മുതൽ  കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന  സമ്മേളന  പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഖുർആൻ  പഠിതാക്കളുടെ സംഗമം “തൻസീൽ” ശ്രദ്ധേയമായി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന  സംഗമം കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ. എം. അബ്ദുൽ ജലീൽ  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖുർആൻ  പഠന  രംഗത്ത് ഇസ്‌ലാഹി സെന്റർ നടത്തുന്ന  സേവനം  ശ്ലാഘനീയമാണെന്നും, സമൂഹത്തിൽ  ഖുർആനിന്റെ  ജീവിക്കുന്ന പതിപ്പുകളായിതീരാൻ  പഠിതാക്കൾ ജാഗ്രത  കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന  ട്രഷറർ എം അഹ്‌മദ്‌ കുട്ടി മദനി  മുഖ്യപ്രഭാഷണം നിർവഹിച്ചു.

പ്രതിസന്ധികളിലും പ്രയാസങ്ങളിലും  പിടിച്ചു നിൽക്കാനുള്ള പിടിവള്ളിയാണ്  വിശുദ്ധ ഖുർആൻ  എന്നും മനുഷ്യരുടെ  സകല  പ്രശ്നങ്ങൾക്കുമുള്ള പരിഹാരം  നിർദ്ദേശിക്കുന്ന വിശുദ്ധ ഖുർആൻ മനുഷ്യ  സമൂഹത്തിന്റെ  രക്ഷാകവചമാണെന്നും എം അഹ്‌മദ് കുട്ടി മദനി  പറഞ്ഞു. മനുഷ്യരുടെ സംശയങ്ങൾക്കും  ചോദ്യങ്ങൾക്കുമുള്ള ഉത്തരം വിശുദ്ധ  വേദഗ്രന്ഥം നൽകുന്നുണ്ട്. ഖുർആൻ  പഠിതാക്കൾ വേദഗ്രന്ഥത്തിന്റെ ആശയം  പഠിക്കുകയും  പകർത്തുകയും അതിന്റെ പ്രയോക്താക്കളായി  മാറുകയും  ചെയ്യുന്നതോടൊപ്പം അതിന്റെ വെളിച്ചം മറ്റുള്ളവർക്ക് പകർന്നു നൽകണം. പാരായണം  ചെയ്യുന്ന വചനങ്ങളുടെ  അന്ത:സത്ത ജീവിതത്തിൽ  പ്രാവർത്തികമാക്കുമ്പോഴാണ് ഖുർആൻ  പഠനം   അർഥപൂർണ്ണമാകുകയുള്ളു. വിശുദ്ധ  ഖുർആനിന്റെ കേവല  പാരായണമല്ല, അതിന്റെ ജീവിക്കുന്ന പതിപ്പുകളായിത്തീരുകയാണ്  വേണ്ടതെന്നും അഹ്‌മദ്‌ കുട്ടി മദനി  സൂചിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

നന്മയുടെ  വാക്താക്കളാവുകയും സഹജീവികളെ  പരിഗണിക്കുകയും ചെയ്യാൻ ഖുർആൻ  പഠിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്.  വായിക്കുക, നിന്റെ രക്ഷിതാവിന്റെ നാമത്തിൽ എന്ന ആദ്യ വചനം തന്നെ  പഠനത്തിനും വിജ്ഞാന  സാമ്പാദനത്തിനും വിശുദ്ധ ഗ്രന്ഥം നൽകുന്ന  പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യരുമായി  ബന്ധപ്പെട്ട മുഴുവൻ  മേഖലകളെയും സ്പർശിക്കുന്ന  വിശുദ്ധ ഖുർആൻ  മാനവികതയുടെ  സന്ദേശം  പ്രോജ്ജ്വലമായി  പ്രകാശിപ്പിക്കുന്ന വേദഗ്രന്ഥമാണെന്നും അഹ്‌മദ്‌ കുട്ടി മദനി  പറഞ്ഞു.

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ  വിവിധ  ഏരിയകളിൽ  നടക്കുന്ന  ഖുർആൻ  പഠന  ക്ലാസ്സുകളിലെ പഠിതാക്കൾ  സംഗമത്തിൽ  പങ്കെടുത്തു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രസിഡണ്ട്‌ അബ്ദുൽ ഗഫൂർ  വളപ്പൻ, ക്യു.എൽ.എസ്  അധ്യാപകൻ  ലിയാഖത്ത് അലി ഖാൻ എന്നിവർ ആശംസകൾ  നേർന്നു. അൽഹുദാ  മദ്രസ  മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ  ജമാൽ  ഇസ്മായിൽ സ്വാഗതവും മുഹമ്മദ്‌ യൂനുസ് നന്ദിയും പറഞ്ഞു.