കേരളം  മാനവികതയുടെ  തുരുത്ത്: മാനവികതാ  സംഗമം

♠ അബൂസഫ

ജിദ്ദ: ‘വിശ്വ  മാനവികതയ്ക്ക്  വേദവെളിച്ചം’ എന്ന പ്രമേയത്തിൽ ജനുവരി  25 മുതൽ  28 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന  മുജാഹിദ് പത്താം  സംസ്ഥാന  സമ്മേളനത്തിന്റെ പ്രചാരണപ്രവർത്തനങ്ങളുടെ  ഭാഗമായി  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ, മാനവികതാ  സംഗമം  സംഘടിപ്പിച്ചു. ജിദ്ദ സീസൺസ്  ഓഡിറ്റോറിയത്തിൽ നടന്ന  സംഗമത്തിൽ   ജിദ്ദയിലെ ബിസ്നസ്സ്, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, മത രംഗത്തെ  വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മാനവികതാ  സംഗമം കെ. എൻ. എം മർകസുദഅവ സംസ്ഥാന  ട്രഷറർ എം അഹ്‌മദ്‌ കുട്ടി മദനി  ഉദ്ഘാടനം  ചെയ്തു.

ഭാവിയെക്കുറിച്ചുള്ള ഭീതിയും  ദു:ഖവുമാണ്  മനുഷ്യനെ അസ്വസ്ഥമാക്കുന്നത്, മനുഷ്യരുടെ  സകല  പ്രശ്നങ്ങൾക്കുമുള്ള പരിഹാരം  വിശുദ്ധ  വേദഗ്രന്ഥം നൽകുന്നുണ്ടെന്നും മാനവികതയുടെ  മഹനീയമായ  സന്ദേശമാണ്   വേദഗ്രന്ഥം മാനവരാശിക്ക്  നൽകുന്നതെന്നും  അഹ്‌മദ്‌ കുട്ടി മദനി  പറഞ്ഞു. ലോകത്തിന്റെ സൗന്ദര്യം  മനുഷ്യനാണ്, എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം  വകവെച്ചു കൊടുക്കേണ്ടതുണ്ട്, മണ്ണിൽ നിന്ന് തുടങ്ങി  മണ്ണിലേക്ക് മടങ്ങേണ്ടവരാണ് മനുഷ്യർ. മാനുഷിക  മൂല്യങ്ങൾക്ക് വിലകൽപ്പിക്കുമ്പോഴാണ് മാനവികത  നിലനിൽക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

മലയാളികളുടെ  ഏറ്റവും വലിയ  സവിശേശേഷതയാണ്  മനുഷ്യത്വം എന്നത്, പ്രളയ കാലത്ത് നാം  അത് മനസിലാക്കിയതാണ്, കേരളീയ  മണ്ണിൽ ഈ സൗഹൃദം  തകരാൻ  അനുവദിച്ചുകൂടാ, അതിനെതിരിലുള്ള പ്രവണതകളെ വളരാൻ  അനുവദിച്ചുകൂടെന്നും  അദ്ദേഹം പറഞ്ഞു.
സമ്മേളന  പ്രമേയം  വിശദീകരിച്ചുകൊണ്ട് കെ. എൻ. എം. മർകസുദഅവ സംസ്ഥാന  സെക്രട്ടറി എൻ. എം അബ്ദുൽ ജലീൽ  മാസ്റ്റർ സംസാരിച്ചു.

പിന്നോക്ക വിഭാഗങ്ങളെ ചേർത്ത് പിടിക്കാനും അവർക്ക് വേണ്ടി ശബ്ദിക്കുവാനും ആളുകൾ  ഇല്ലാതാവുന്നു, അത്തരം  ആളുകളെ ക്കൂടി  മുഖ്യധാരയിലേക്ക്  ഉയർത്തി കൊണ്ടുവരുമ്പോൾ മാത്രമാണ് മാനവികത അർത്ഥപൂർണ്ണമാകുന്നത് എന്നും  അദ്ദേഹം പറഞ്ഞു.
ഇന്ന് മനുഷ്യർക്കിടയിൽ അകൽച്ച  വർദ്ധിക്കുന്നു, മനുഷ്യമനസുകൾ  ചേർന്ന് നിൽക്കണമെങ്കിൽ പരസ്പരം  അറിയുകയും  അറിയിക്കുകയും വേണം, മൂല്യങ്ങൾ  കാത്തുസൂക്ഷിക്കുകയും  സൗഹൃദം  നിലനിർത്തുകയും  ചെയ്യുമ്പോഴേ മാനവികത  നിലനിൽക്കുകയുള്ളു, വൈവിധ്യങ്ങളെ  ഉൾക്കൊള്ളുകയും വ്യതിരിക്തതയെ അംഗീകരിക്കുകയും  ചെയ്യാൻ തയ്യാറാവണം, സ്വന്തത്തിലേക്ക് ചുരുങ്ങാതെ  വിശാലമായ  കാഴ്ചപ്പാടുകൾ  ഉയർന്നു വരണം, അയൽപക്ക കൂട്ടായ്മകൾ ശക്തിപ്പെടണം എങ്കിൽ മാത്രമേ  മാനവികത  നിലനിർത്തുവാൻ  സാധിക്കുകയുള്ളു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് മതം  നോക്കിയാണ് കുറ്റവാളിയെ ശിക്ഷിക്കുന്നതും  ഇളവ് നൽകുന്നതും, അധ്യാപകർ  കുട്ടികളെ ശാസിക്കുമ്പോൾ പോലും മതം  കടന്ന് വരുന്നു, മതം  നോക്കി ചേരിതിരിവും  വിഭാഗീയതയും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ  നടക്കുന്നുണ്ട്, പ്രബുദ്ധരായ  കേരള  ജനത  അത്തരം  പ്രവണതകൾക്കെതിരെ  ശക്തമായ  പ്രതിരോധം  തീർക്കേണ്ടതുണ്ടെന്നും എൻ. എം അബ്ദുൽ ജലീൽ  മാസ്റ്റർ പറഞ്ഞു.

സമ്മേളന  സ്വാഗത സംഘം  സൗദി ചെയർമാൻ സലാഹ്‌ കാരാടൻ  പരിപാടി  നിയന്ത്രിച്ചു, സമ്മേളനത്തിന്റെ ഭാഗമായി  ജിദ്ദയിൽ വനിതാ  സംഗമം, പ്രവർത്തക  സംഗമം, ഖുർആൻ  സമ്മേളനം  എന്നിവ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ വിവിധ  സംഘടനകളുടെ പ്രതിനിധികൾ  സംസാരിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രസിഡണ്ട്‌ അബ്ദുൽ ഗഫൂർ  വളപ്പൻ  സമാപന  ഭാഷണം നിർവഹിച്ചു. അൽ അമീൻ  സുല്ലമി ഖിറാഅത്ത് നടത്തി.

Photo : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച മാനവികതാ  സംഗമത്തിൽ  കെ. എൻ. എം മർകസുദഅവ സംസ്ഥാന  ട്രഷറർ എം അഹ്‌മദ്‌ കുട്ടി മദനി സംസാരിക്കുന്നു.