‘സിഫ് ഈസ് ടി ചാമ്പ്യന്‍സ് ലീഗി’ന്റെ ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 8 വെള്ളിയാഴ്ച

♠ അബൂസഫ

ജിദ്ദ: ജിദ്ദയില്‍ നടന്നു വരുന്ന സിഫ് ഈസ് ടി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച (ഡിസംബര്‍ 8) വൈകുന്നേരം 5 മണി മുതല്‍ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. കെ എഫ് എ പ്രസിഡന്റ് നവാസ് മീരാനും, സിനിമ നടന്‍ സിദ്ധീക്കും മുഖ്യ അതിഥികളായിരിക്കുമെന്ന് സിഫ് ഭാരവാഹികള്‍ ജിദ്ദയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

എ, ബി എന്നീ രണ്ടു സീനിയര്‍ ഡിവിഷനുകളും ഡി ഡിവിഷനില്‍ പതിനേഴ് വയസിന് താഴെയുള്ള ജൂനിയര്‍ താരങ്ങളുമാണ് ഫൈനല്‍ മത്‌സരത്തില്‍ കളിക്കുക.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

എ ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ പ്രിന്റെക്‌സ് റിയല്‍ കേരള എഫ്‌ സി, പവര്‍ഹൗസ് മഹ്ജര്‍ എഫ്‌സിയെ നേരിടും. ബി ഡിവിഷനില്‍ സൈക്‌ളോണ്‍ ഐ ടി സോക്കര്‍, എഫ്‌ സി അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സിനെയും ഡി ഡിവിഷനില്‍ ബദര്‍ അല്‍ തമാം ടാലന്റ് ടീന്‍സ് അക്കാദമി സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാദമിയെയും നേരിടും.

ദേശീയ, അന്തര്‍ ദേശീയ താരങ്ങളുടെ നീണ്ട നിര തന്നെ ഫൈനല്‍ കളിക്കുന്ന ടീമുകളില്‍ കളിക്കാനായി ജിദ്ദയില്‍ എത്തിയിട്ടുണ്ട്. മൂന്ന് ഡിവിഷനുകളിലും ശക്തമായ മത്സരം നടക്കും. മുന്‍ ഇന്ത്യന്‍ ജൂനിയര്‍ താരം സുല്‍ഫിയുടെ ശിക്ഷണത്തില്‍ മഹ്ജര്‍ എഫ് സിക്ക് വേണ്ടി മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സക്കീര്‍ മാനുപ്പ, ഹാരിസ് മണ്ണാര്‍ക്കാട് (അണ്ടര്‍ 22 സ്‌റ്റേറ്റ് കളിക്കാരന്‍). രോഷന്‍ (ബാംഗ്ലൂർ ഡോണ്‍ ബോക്‌കോ), മുഹമ്മദ് അര്‍ഷാദ് (കെ.പി.എല്‍), നിഹാല്‍ (ഗോകുലം എഫ് സി), മിഥുന്‍ (സ്‌റ്റേറ്റ് പ്ലെയർ) എന്നിവര്‍ ബൂട്ടണിയുമ്പോള്‍, പരിചയ സമ്പന്നനായ മുന്‍ മലപ്പുറം ജില്ല കോച്ചു പി.പി. ഉമ്മര്‍കോയയുടെ പരിശീലനത്തില്‍ റിയല്‍ കേരളക്ക്‌വേണ്ടി ജിജോ ജോസഫ് (മുന്‍ സന്തോഷ് ട്രോഫി കളിക്കാരന്‍), ജോബി ജസ്റ്റിന്‍ (മുന്‍ ഇന്ത്യന്‍ താരം), മുഹമ്മദ് ഷിബിലി (ഗോകുലം എഫ്. സി), മുഹമ്മദ് സജജാദ് (ബോസ്‌കോ) എന്നിവരാണ് കളിക്കുന്നത്.

മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ സ്‌റ്റേഡിയം അറ്റുകുറ്റ പണികള്‍ക്കായി അടച്ചിട്ടതിനാല്‍ വസീരിയയിലെ അല്‍ തവന്‍ സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ദിവസം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്‌സര8ള്‍ നടന്നു വന്നിരുന്നത്. ടൂര്‍ണമെന്റ് വീക്ഷിക്കാനെത്തിയ കാണികളുള്‍ക്കുണ്ടായിരുന്ന അസൗകര്യം പരിഗണിച്ചാണ് മികച്ച സൗകര്യങ്ങളുള്ള കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലേക്ക് ഫൈനല്‍ മത്സരങ്ങള്‍ മാറ്റിയിരിക്കുന്നതെന്നു സിഫ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രസിഡന്റ് ബേബി നീലാമ്പ്ര, വൈസ് പ്രസിഡന്റ് യാസിർ അറാഫാത്ത്, ജനറൽ സെക്രട്ടറി നിസ്സാം മമ്പാട്, സെക്രട്ടറിമാരായ അയ്യൂബ് മാസ്റ്റർ, അൻവർ വല്ലാഞ്ചിറ, അബു കട്ടുപ്പാറ, മുഖ്യ രക്ഷാധികാരി നസീർ ശാന്തപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജാഫറലി പാലക്കോട്.