ഇസ്രയേല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടരുന്നു

ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ തൊട്ടുപിന്നിലുള്ള കെട്ടിടത്തിലെ ആക്രമണം വൈറലായി.
ഗസ: ഗസയില്‍ നിന്നും അല്‍ ജസീറ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ തൊട്ടുപിന്നിലുള്ള കെട്ടിടത്തില്‍ ആക്രമണം. അല്‍ ജസീറ റിപ്പോര്‍ട്ടര്‍ യുംന എല്‍ സയ്ദിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെയാണ് ബഹുനില കെട്ടിടത്തില്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അല്‍ ജസീറ ന്യൂസ്‌റൂമില്‍ നിന്നുള്ള അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് പട്ടെന്നുള്ള ബോംബാക്രമണം നടന്നത്.
ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ഭയക്കുകയും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറുകയും ചെയ്തു. ഗാസയിലെ പലസ്തീന്‍ ടവറിലാണ് ഭീകരമായ ആക്രമണം നടന്നതെന്ന്അല്‍ ജസീറ റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്. ന്യൂസ് റൂമിലുള്ള അവതാരകന്‍ റിപ്പോര്‍ട്ടറോട് സമാധാനത്തോടെ ശ്വാസമെടുക്കാനും, സുരക്ഷിതമല്ലെങ്കില്‍ റിപ്പോര്‍ട്ടിങ്ങ് അവസാനിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറാനും പറയുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം തുടരുകയാണ്. ആക്രമണം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 7000ല്‍ അധികം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് ഹമാസ് വിക്ഷേപിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ ഗസയില്‍ കര, കടല്‍, ആകാശ മാര്‍ഗമുള്ള പ്രതിരോധം തീര്‍ക്കുകയാണ് ഇസ്രയേല്‍. ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകദേശം 300 ഇസ്രയേലികള്‍ക്ക് ജീവന്‍ നഷ്ടമായി. 1860ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റുവെന്നും ഇസ്രയേല്‍ ആരോഗ്യവിഭാഗം അറിയിച്ചു. 26 ഇസ്രയേല്‍ സൈനികരും മരണപ്പെട്ടു. അതേസമയം ഗസയിലെ 429 ഇടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 256 ഫലസ്തീനികള്‍ മരണപ്പെട്ടു. 1788ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വ്യക്തമാക്കി.






