കവി ലൂയിസ് പീറ്റർ-ഒരു ഓർമ

♠ എം.എൻ. ശ്രീരാമൻ
അപ്രതീക്ഷിതമായി ഓഫീസിലേക്ക് കടന്നുവരുന്ന സ്വയം എഴുതപ്പെടുന്ന ഒരു കവിതയിലെ ഇടംവലം നോക്കാത്ത ഒരു വാക്കായിരുന്നു, എനിക്ക് അന്തരിച്ച കവി ലൂയിസ് പീറ്റർ. അങ്കമാലിയിലെ ഒരു സുഹൃത്താണ് എന്റെ നമ്പറും ഓഫീസിന്റെ സ്ഥലവും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുന്നത്. ഞാൻ എന്റെ കാബിനിൽ ഇരിക്കുമ്പോഴാണ് ഹലോ, .മാഷെ..എന്ന ഭിസംബോധനയോടെ ലൂയി പാപ്പ, നരയാർന്ന തലമുടിയുടെ പ്രഭാവത്തോടെ എന്റടുത്തു എത്തുന്നത്. എനിക്കാളെ മനസ്സിലായില്ല. സ്വയം പരിചയപ്പെടുത്തി, ഞാൻ ലൂയിസ് പീറ്റർ..കവി..പിന്നീട് ഏതാനും കവിതാവരികൾ ചൊല്ലി..എനിക്ക് സന്തോഷമായി. കാരണം എ. അയ്യപ്പന് ശേഷം അതെ ജനുസിൽപ്പെട്ട ഒരു കവിയെ ആദ്യമായാണ് നേരിൽ കാണുന്നത്.
വർഷങ്ങൾക്കപ്പുറമുള്ള ഒരു സൗഹൃദത്തിന്റെ തുടർച്ചയെന്നപോലെ കാന്റീനിലെ പതിഞ്ഞ കോലാഹലങ്ങൾക്കിടയിൽ എനിക്കഭിമുഖമായി ഇരുന്നു ലൂയി പാപ്പാ പറഞ്ഞു തുടങ്ങി..പെരുമ്പാവൂരാ സ്വദേശം..ഭാര്യയുണ്ട്; മക്കളുണ്ട്..ഫെഡറൽ ബാങ്കില് ജോലിയുണ്ടായിരുന്നതാ..അതൊന്നും നമുക്ക് പറ്റില്ലാന്നേ ..ഞാൻ എന്റെ ലോകത്തേക്ക് ഇറങ്ങിപ്പോന്നു..ഇന്നലെ കോഴിക്കോടായിരുന്നു..സുഖായിട്ടു ഒരു കടയുടെ വരാന്തയിൽ കിടന്നുറങ്ങി..എഴുന്നേറ്റപ്പോൾ ഞാനുടത്ത മുണ്ടല്ല; കിട്ടിയ മുണ്ടെടുത്തു പോന്നു..ഒരു പയ്യനുണ്ട്, ബിബിൻ..അവൻ എന്റെ പിറകെ കാമറയുമായി നടക്കന്നുണ്ട് ..കൈയ്യിൽ കിട്ടിയാ അവനെ ഞാൻ തല്ലും..പിന്നെ..അയ്യപ്പൻ പോയി..ലൂയിസ് പീറ്ററിന് പകരക്കാരനൊന്നും ഉണ്ടാവില്ല..നിങ്ങളുടെ ഓഫീസിൽ എനിക്കൊരു സുഹൃത്തുണ്ട്..ലക്ഷ്മി..അങ്ങിനെ..അമ്പതുവര്ഷത്തെ ജീവിതത്തെ അവിടെയും ഇവിടെയും സ്പർശിച്ചു പറഞ്ഞുകൊണ്ടേയിരുന്നു..ഏതാണ്ട് നര പൂർത്തിയാവുന്ന മുടി. മേൽ നിരയിലെ ഒരു പല്ലു അപ്രത്യക്ഷമാണ്. ഇളം നിറത്തിലുള്ള ഷർട്ട്. മുണ്ടു. തോളിൽ താഴ്ന്നു കിടക്കുന്ന തുണി സഞ്ചി..
ചായ ഗ്ലാസിൽ വിരലുകൾ അമര്ത്തിയും അയച്ചും, ചായ കുടിച്ചും ഗ്ലാസ്സ് മേശപ്പുറത്തു വച്ചും പാപ്പ നേരേ പറഞ്ഞു, നൂറ്റമ്പതു രൂപയെങ്കിലും വേണം. ഒരു യാത്ര, ഉച്ചക്ക് ഊണ്..
പിന്നീട് അനേകം തവണ ലൂയിസ് പീറ്റർ ഓഫീസിൽ വന്നുപോയി. ഓഫീസിൽ എന്നെ കണ്ടില്ലായെങ്കിൽ താമസസ്ഥലത്തേക്ക് വന്നു. നമ്മൾ അദ്ദേഹത്തെ ഓർക്കണമെന്നോ അദ്ദേഹം നമ്മളെ ഓർക്കണമെന്നോ ഒരു നിർബന്ധവുമില്ല. ഒരു കാറ്റുപോലെ ഒരു മേഘ ശകലം പോലെ ഒരു ദേശാടനക്കിളിപോലെ കവി ആലുവായിലൂടെ പറന്നുപോയി..
ചിലരെങ്കിലും അതിഭാവനയുടെ ഘനത്വംപേറി പറയുന്നത് കേട്ടിട്ടുണ്ട്, എനിക്കൊരു കഥ എഴുതണം..കവിത എഴുതണം..നോവൽ എഴുതണം..തിരക്കഥ എഴുതണം..അതൊരു ചരിത്ര സംഭവമായിരിക്കും..ആരും പറയാത്ത കഥയായിരിക്കും.. കവിതയായിരിക്കും..നോവലായിരി
ക്കും..തിരകഥയായിരിക്കും..തിരക്കഥയിൽ ഇറങ്ങുന്ന സിനിമ സൂപ്പർ ഹിറ്റായിരിക്കും..
രജനീകാന്ത് അഭിനയിച്ചാലേ ആ ലെവൽ കിട്ടൂ.. അങ്ങനെ..സർഗാത്മക സൃഷ്ടിക്കായി കാലവും സമയവും സ്ഥലവും തിരഞ്ഞുനടക്കുന്ന ഇത്തരക്കാർ വാചാടോപങ്ങളുടെ കാവൽക്കാരായി പതിയെ പതിയെ ജീവിതത്തിൽ നിന്നും കടന്നുപോവുകയാണ് ചെയ്യാറ്. എന്നാൽ എ.അയ്യപ്പൻ, ലൂയിസ് പീറ്റർ തുടങ്ങിയ അവധൂതന്മാർ തങ്ങളുടെ ജീവിതങ്ങളെ സർഗാത്മക സൃഷ്ടികളിൽ നിന്നും വിമോചിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പ്രതിഭാശാലികളായിരുന്നു. അവർ പറഞ്ഞതും എഴുതിയതുമെല്ലാം കവിതകളായിരുന്നു. അവർ കാലത്തെയും സമയത്തെയും സ്ഥലങ്ങളെയും കാത്തുനിന്നില്ല. അവരുടെ ജീവിതങ്ങൾ നമ്മൾ തീർത്തുവച്ച പരശ്ശതം വ്യവസ്ഥകളെ നമ്മളറിയാതെ അതിലംഘിച്ചും അപ്രസക്തമാക്കിക്കൊണ്ടും നമ്മുടെ മനസ്സുകളുടെ സങ്കുചിതത്തെയോർത്തു വിലാപിച്ചുകൊണ്ടും കടന്നുപോയി. കാലത്തിന്റെ ഭിത്തിയിൽ അവരെഴുതിവച്ച വരികളെങ്കിലും നമ്മൾക്ക് വഴികാട്ടികളാവട്ടെ..ലൂയി പാപ്പക്ക്..കവിതകളുടെ വാക്കിന് ആദരാജ്ഞലികൾ..






