സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സേവനങ്ങൾ നിരീക്ഷിക്കണം: ഒഐസിസി മക്ക

മക്ക: ഇന്ത്യയിൽ നിന്നും ഹജ്ജിനായി എത്തുന്ന ഹാജിമാരിൽ നല്ലൊരു ശതമാനവും സ്വകാര്യ ഗ്രൂപ്പുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ഗ്രൂപ്പിൽ വരുന്ന ഓരോ ഹാജിയും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാരെക്കാൾ ഇരട്ടിയിലധികം തുക നൽകിയാണ് ഹജ്ജിനായി വരുന്നത്. എന്നാൽ പലപ്പോഴും മിക്ക സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാർക്കു വാഗ്ദാനം ചെയ്ത സേവനം നല്കുന്നില്ലെന്ന പരാതിയുണ്ട്.
പ്രായക്കൂടുതൽ ഉള്ള ഹാജിമാരെ കൊണ്ടുവരുമ്പോൾ അവർക്ക് വേണ്ട സേവനങ്ങൾ ചെയ്തു നൽകുവാനുള്ള സേവകരെ സ്വകാര്യ ഏജൻസികൾ കരുതുന്നില്ല. ഹജ്ജിനായി മക്കയിൽ എത്തിയ ശേഷം ഉണ്ടാകുന്ന ആരോഗ്യ ബുദ്ധിമുട്ടുകൾ പറയുന്നവർക്ക് തക്ക സമയത്ത് ചികിത്സ നൽകുന്നതിലും പിഴവുകൾ സംഭവിക്കുന്നു. ഹാജിമാരിൽ നിന്നും ഈടാക്കുന്ന പണത്തിന് അനുസരിച്ചുള്ള സേവനം അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മക്ക ഒഐസിസി സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാറിനും, കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാനും, ജിദ്ദ ഇന്ത്യൻ കൗൺസിലേറ്റിനും തെളിവുകൾ സഹിതമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.
വാങ്ങുന്ന തുകയ്ക്ക് അനുസരിച്ചുള്ള സേവനങ്ങൾ നൽകാത്ത സ്വകാര്യ ഗ്രൂപ്പുകൾക്കെതിരെ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷനിൽ പരാതിപ്പെടുവാനുള്ള മൊബൈൽ നമ്പർ ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങളിൽ പതിതാനം. ഒമ്പത് ഹാജിമാർക്ക് രണ്ട് പെയ്ഡ് വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുക, സർവീസിൽ പറഞ്ഞത് അനുസരിച്ചുള്ള ഇരു ഹറമകളുടെയും തൊട്ടടുത്തുള്ള താമസവും, മിനായിൽ ഉയർന്ന കാറ്റഗറിയിൽ ആണോ ടെൻ്റുകൾ സജീകരിച്ചിരിക്കുന്നത് എന്നും ഉറപ്പാക്കുക, വീൽചെയർ സേവനത്തിനായി വോളണ്ടിയർമാരെ ഉറപ്പാക്കുക തുടങ്ങിയ സേവനങ്ങൾ മക്കയിലും മദീനയിലും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ്റെ നേതത്വത്തിൽ ഉറപ്പ് വരുത്തണം. ഇതിൽ വീഴ്ച്ച വരുത്തുന്ന ഏജൻസികളെ കരിമ്പട്ടികയിൽ പെടുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മക്ക ഒഐസിസി ഭാരവാഹികൾ അധികൃതരെ സമീപിക്കുന്നത്.
മക്കാ ഒഐസിസി ഹജ്ജ് സെൽ വോളണ്ടിയർ സേവനങ്ങൾ പൂർണ്ണമായും ഇന്ത്യൻ ഹജ്ജ് കമ്മിറ്റിമുഖേന വരുന്ന ഹാജിമാർക്ക് വേണ്ടി മാത്രമായിരിക്കുമെന്നും ഭാരവാഹികളായ ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി എന്നിവർ സംയുക്തവാർത്ത കുറിപ്പിൽ അറിയിച്ചു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






