മലയാളിയെ ജിദ്ദയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ജിദ്ദ: ജോലി അവസാനിപ്പിച്ച് നാളെ (ഞായര്‍) നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം തുവ്വൂര്‍ വലിയട്ട സ്വദേശി അബ്ദുല്‍ മുനീറിനെ ജിദ്ദയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 39 വയസ്സു പ്രായമുണ്ട്. 16 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായിരുന്നു.
ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു കാലമായി കടുത്ത മൈഗ്രൈന്‍ ഉണ്ടാവാറുണ്ട്. അതിനുള്ള ചികിത്സയിലുമായിരുന്നു. മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരേതനായ അരീക്കന്‍ കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ, മക്കള്‍: ദില്‍ന (12), ദിയ ഫാത്തിമ (രണ്ടര).






