സിദ്ദീഖ് കാപ്പന്‍ ചൊവ്വാഴ്ച വൈകീട്ടോടെ ജയില്‍ മോചിതനായേക്കും

♣ ആന്‍സി വിനീഷ
ന്യഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ചൊവ്വാഴ്ച ജയില്‍മോചിതനായേക്കും. ചൊവ്വാഴ്ച ജയില്‍മോചിതനായില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സിദ്ദീഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ സാധിച്ചേക്കുമെന്ന് അഭിഭാഷകന്‍ കെ.എസ്. മുഹമ്മദ് ദാനിഷ് സൂചന നല്‍കി.
ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
ഇ.ഡി ചുമത്തിയ കേസിലും ആള്‍ജാമ്യക്കാരുടെ രേഖ പരിശോധന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാനായി ഇരുവരും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാവും. കാപ്പനെതിരെ തെളിവുകള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഡിസംബര്‍ 23നാണ് ഇ.ഡി കേസില്‍ അലഹാബാദ് ഹൈകോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45ാം വകുപ്പ് പ്രകാരം ഒരു കോടി രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കൂട്ടുപ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന 5000 രൂപ അല്ലാതെ മറ്റൊരു ഇടപാടും നടന്നതായി തെളിയിക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് വിചാരണക്കോടതി ലക്ഷം രൂപ വീതമുള്ള രണ്ട് യു.പി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മകനും ഡല്‍ഹിയിലാണുള്ളത്. ഇവര്‍ ചൊവ്വാഴ്ച ലഖ്‌നോവിലേക്ക് പോകും.






