ബിബിസി ഡോക്യു മെന്ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്തു

കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ഇടത് സംഘടനകള്‍

തിരുവനന്തപുരം: മോഡിയും ഗുജരാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ 2019ല്‍ വീണ്ടും മോഡി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ മരവിപ്പിച്ചത് ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഡോക്യുമെന്റെറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇടത് സംഘടനകളുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. ചിലയിടത്ത് മുസ്‌ലിം ലീഗും പ്രദര്‍ശനം നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രദര്‍ശനം തടയാന്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇത് സംഘര്‍ഷത്തിനിടയാക്കി.

അതേസമയം ബി ബി സി ഡോക്യൂമെന്റെറിയെ വിമര്‍ശിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. അനിലിനെ പുറത്താക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.