ഫൈബർ ജിദ്ദ ജനറൽ മീറ്റ് സംഘടിപ്പിച്ചു

ഫൈബർ ജിദ്ദ ജനറൽ മീറ്റിൽ നസീർ വാവക്കുഞ്ഞു വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു
ജിദ്ദ: ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ച ‘ഫൈബർ ജിദ്ദ’യുടെ ആറാമത് വാർഷിക സംഗമം ബാഗ്ദാദിയ ഇംപീരിയൽ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഫൈബർ ജിദ്ദ ജനറൽ മീറ്റ് നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
സാധാരണക്കാരായ കെഎംസിസി പ്രവർത്തകർക്കിടയിൽ സമ്പാദ്യ ശീലം വളർത്തുകയും നിക്ഷേപ സാദ്ധ്യതകൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഫൈബർ ജിദ്ദയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഫൈബർ ജിദ്ദ രൂപീകരിച്ച ശേഷം സാധാരണക്കാരായ പ്രവാസികളെ തങ്ങളുടെ വരുമാനത്തിൽ നിന്നും സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈബർ ജിദ്ദ ചെയർമാൻ അബു കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
പ്രമുഖ ട്രാൻസ്ഫർമേറ്റീവ് എജുക്കേഷണലിസ്റ്റും ഐഡിയൽ ടാലന്റ് അക്കാഡമി ഡയറക്ടറുമായ നസീർ വാവക്കുഞ്ഞ് ആലപ്പുഴ ‘തോട്ട് പ്രൊവോക്കിങ്’ സെഷന് നേതൃത്വം നൽകി. സഊദി സർക്കാരിന്റെ ‘വിഷൻ 2030’ ന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സഊദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നിർമ്മാണ മേഖലയിൽ വരാനിരിക്കുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സഊദി വിപണികളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ആഷിർ കുറുവ മറുപടി പറഞ്ഞു.
ഷബീറലി കോഴിക്കോട് പ്രവർത്തന റിപ്പോർട്ടും മുഹമ്മദ് റഫീഖ് കൂളത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്‌ലിയാരങ്ങാടി ഉപഹാര സമർപ്പണം നടത്തി. ടി. കെ അബ്ദുറഹ്മാൻ, ഖാലിദ് പാളയാട്ട് ആശംസകൾ നേർന്നു സംസാരിച്ചു. നാസർ പാക്കത്ത് ഖിറാഅത്ത് നടത്തി. ഷബീർ അലി കോഴിക്കോട് സ്വാഗതവും ടി. പി റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.






