ഒ.ഐ.സി.സി. മാതൃകയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും: ഡോ. ആരതി കൃഷ്ണ

ദമ്മാം: വിദേശ രാജ്യങ്ങളിലുള്ള കോണ്‍ഗ്രസ്സ് അനുഭാവികളെ ഒരു കുടക്കീഴില്‍ അണിനിരത്തി കെ.പി.സി.സിയുടെ പ്രവാസി പോഷക സംഘടനയായി ശക്തമായ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ഒ.ഐ.സി.സി മാതൃകയില്‍ സംസ്ഥാനടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുവാന്‍ മുന്‍കൈയെടുക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ.ആരതി കൃഷ്ണ വ്യക്തമാക്കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ ഡോ.ആരതി കൃഷ്ണയെ സന്ദര്‍ശിച്ച ദമ്മാം ഒ.ഐ.സി.സി നേതാക്കളോടാണ് ഇക്കാര്യം പങ്കുവച്ചത്.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കെ.പി.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒ.ഐ.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. 2024ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പ്രവാസികള്‍ക്ക് വലിയ തോതിലുള്ള പങ്ക് വഹിക്കാനുണ്ടെന്നും ഡോ.ആരതി കൃഷ്ണ പറഞ്ഞു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംസാരിച്ച് വളരെ വൈകാതെ തന്നെ സൗദി അറേബ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളിലെ വിവിധ സംസ്ഥാനക്കരായ കോണ്‍ഗ്രസ്സ് അനുഭാവികളെ കണ്ടെത്തി അതാത് സംസ്ഥാന പി.സി.സികള്‍ക്ക് കീഴില്‍ ഒ.ഐ.സി.സി മാതൃകയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. ഇതിനായി ഒ.ഐ.സി.സിയുടെ സഹായം അവര്‍ ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയുടെ നേതൃത്വത്തില്‍ ഇ.കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, അസ്‌ലം ഫറോക്ക് എന്നിവരാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ എന്‍.ആര്‍.ഐ സെല്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഡോ.ആരതി കൃഷ്ണയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.






