കെ വി തോമസ് ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി

ക്യാബിനറ്റ് റാങ്കോടെ നിയമനം

തിരുവനന്തപുരം: കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി. തോമസിനെ ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനം. ക്യാബിനറ്റ് പദവിയോടെയായിരിക്കും നിയമം. മന്ത്രിസഭായോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. അച്ചടക്ക ലംഘനത്തിനാണ് എട്ടുമാസത്തിന് മുമ്പ് കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സിപിഎം സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതായിരുന്നു നടപടിക്ക് കാരണം.

നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. ഒന്നരലക്ഷത്തോളം ശമ്പളം വീടും വാഹനവും പേഴ്‌സണല്‍ സ്റ്റാഫും ഉണ്ടാകും. നിലവില്‍ നയതന്ത്രവിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓവര്‍സീസ് പദവിയിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം പ്രതിനിധിയായാണ് തോമസെത്തുന്നത്.