ലേഖനം: കൊച്ചുകണ്ണൻകര അസീസ് ഉസ്താദ്; വീടു വിദ്യാലയമാക്കിയ ജ്ഞാന ജ്യോതിസ്സ്

ലേഖകൻ : – ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ

നൂറു കണക്കിന് വിജ്ഞാനദാഹികൾക്ക് ആത്മീയ അറിവിൻ്റെ ഉൾവെളിച്ചം നൽകിയ ജ്ഞാന സ്നേഹിയും സാത്വികനുമായ തെക്കൻ കേരളത്തിലെ എടുത്തു പറയപ്പെടേണ്ട പണ്ഡിത പ്രമുഖരിൽ ഒരാളാണ് വന്ദ്യവയോധികനായ കോട്ടാങ്ങൽ കൊച്ചു കണ്ണൻകര അബ്ദുൽ അസീസ് മൗലവി എന്ന അസീസ് ഉസ്താദ് . മത വിദ്ധ്യാർഥികൾക്ക് സ്വന്തം വീട് വിദ്യാലയമാക്കി മാറ്റി അറിവിൻ്റെ അകകാമ്പുകൾ നൽകുക വഴി ഈ ഭൂമികക്ക് അദ്ധേഹം നൽകിയ സംഭാവന വലുതും മറ്റുള്ളവരിൽ നിന്നും അദ്ധേഹത്തെ വ്യതിരിക്തനാക്കുന്നതുമാണ് . വിവേകാധിഷ്ഠിത വിജ്ഞാനത്തിലൂടെ ഒരു തലമുറയെ വാർത്തെടുത്ത് പ്രവർത്തിപഥത്തിലേക്ക് വഴിതെളിക്കുക വഴി മത ഭൗതിക സാമൂഹിക സാംസ്കാരിക രംഗത്ത് വിസ്മയ വിപ്ലവം തീർത്ത മാതൃകാ പ്രതിഭ തന്നെയാണ് അസീസ് ഉസ്താദ് .

ആർക്കും എപ്പോഴും ഏതു സംശയ നിവാരണത്തിനും കടന്നു ചെല്ലാൻ പര്യാപ്തമായ നിലയിൽ തൻ്റെ വാതിൽ എല്ലായ്പ്പോഴും മലർക്കെ തുറക്കപ്പെട്ടതും ആവശ്യമായ മുഴുവൻ ഗ്രന്ഥങ്ങളും ശേഖരിച്ചിട്ടുള്ളതും അധിക സമയവും പുതിയ പുതിയ അറിവുകൾ നേടുകയും അതു മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുന്നതിൽ എപ്പോഴും അദ്ധേഹം വ്യാപൃതനാണ് . തൻ്റെ വീടിൻ്റെ ഉമ്മറത്തു തന്നെ ഒരു കൂമ്പാരം കിത്താബുകൾക്കിടയിൽ അതിലെ ആന്തരിക അർഥങ്ങളും നിഗൂഡതകളും പരതി ആയുസിൻ്റെ സിംഹഭാഗവും ചിലവഴിക്കുന്ന ഒരു അസാധാരണ വ്യക്തിയെ ആ വിടു സന്ദർശിക്കുന്ന ആർക്കും കാണാവുന്നതാണ് ,
തനിക്ക് അപ്രാപ്യം എന്നു തോന്നുന്ന ഒരു മേഖലയിലും കടന്നു ചെന്നിരുന്നില്ല എന്നാൽ പ്രാപ്യമായ മേഖലകളിൽ മുഴുവൻ മികവു തെളിയിക്കുകയും തൻ്റേതായ കയ്യൊപ്പ് ചാർത്തുകയും ചെയ്യുമായിരുന്നു .

ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ പതിറ്റാണ്ടുകൾ മുഫത്തിശായിരുന്ന അദ്ധേഹം മർഹൂം റഈസുൽ ഉലമാ ഷിഹാബുദ്ദീൻ ഉസ്താദ് , മർഹൂം വടുതല മുസാ ഉസ്താദ് , മർഹൂം ഈരാറ്റുപേട്ട ഈസാ ഉസ്താദ് മർഹൂം തേവലക്കര അലിയാർ മൗലവി അടക്കമുള്ള പണ്ഡിത ശ്രേണിയിലെ മൺമറഞ്ഞ മഹത്തുക്കളോടും നിലവിലെ മുൻനിര നേതാക്കളായ തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി , കടക്കൽ അബ്ദുൽ അസീസ് മൗലവി , വി എം അബ്ദുള്ളാ മൗലവി തുടങ്ങിയ പണ്ഡിത വരേണ്യന്മാർക്കൊപ്പവും ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമായോടു ചേർന്നു പ്രവർത്തിക്കുന്നയാളും വിഭാഗീയതകൾക്കും സംഘടനാ സങ്കുചിതത്വങ്ങൾക്കും അതീതമായി കൈരളിയുടെ മുഴുവൻ പണ്ഡിതരേയും നെഞ്ചിലേറ്റിയ വ്യക്തിയും തൻ്റെ മഹല്ലിൻ്റേയും പ്രാന്തപ്രദേശ മഹല്ലുകളുടേയും പ്രതിസന്ധി ഘട്ടത്തിലെ അത്താണിയും കൂടിയാണ് വലിയ ശിഷ്യ സമ്പത്തിൻ്റെ ഉടമയായ അസീസ് ഉസ്താദ് .

വിനയാന്വിതമായ ജീവിതവും ഇൽമിൻ്റെ അഹ് ലുകാരോട് അദ്ധേഹത്തിനുള്ള അളവറ്റ സ്നേഹവും ബഹുമാനവും അവർണനീയം തന്നെയാണ് , താരതമ്യേന അസീസ് ഉസ്താദിൻ്റെ പ്രായം , പാണ്ഡിത്യം , പക്വത , പരിചയ സമ്പത്ത് എന്നിവയോടു ചേർത്ത് നോക്കുമ്പോൾ അദ്ധേഹത്തിൻ്റെ മുന്നിൽ ഒന്നുമല്ല എന്നു ഏവർക്കും ബോധ്യമുള്ള വ്യക്തിയോടു പോലും ഉസ്താദിൻ്റെ സമീപനവും പെരുമാറ്റവും ഒന്നു വേറെ തന്നെയാണ് , ആദരസൂചകമായി അവരുടെ കരം കവരുന്നതും നെഞ്ചോടു ചേർത്ത് പിടിച്ച് മുത്തം വെക്കുന്നതും കാണികളിൽ ആശ്ചര്യം ഉളവാക്കുമ്പോൾ ശരിക്കും ഉസ്താദിന് ആത്മനിർവൃതിയാണ് അതിൽ കൂടി ലഭ്യമാകുന്നത് . ഞാൻ ആദരിക്കുന്നത് ഏതെങ്കിലും ബന്ധുവോ പരിചയക്കാരനോ എന്ന പരിഗണനയിൽ അല്ലെന്നും അതിനപ്പുറം അതൊരു ജ്ഞാനപ്രഭ ചൊരിയുന്ന വ്യക്തി എന്ന മഹത്തായ പരിഗണയിലാണ് എന്ന കൃത്യമായ വായടപ്പൻ മറുപടി തന്നെയാണ് ആശങ്ക പ്രകടിപ്പിക്കുന്നവർക്ക് ഉസ്താദ് നൽകുന്നത് . വിജ്ഞാനത്തിൻ്റെ മഹത്വം പ്രവർത്തിപഥത്തിൽ പ്രയോഗവൽകരിച്ചു കാണിക്കുന്ന ഒരു മാതൃകാ വ്യക്തിത്വം തന്നെയാണ് അസീസ് ഉസ്താദ് .

എല്ലാ മേഖലയിലും എന്നതുപോലെ മതപ്രബോധന രംഗത്തും വന്നു ചേരാവുന്ന പ്രതിലോമ വെല്ലുവിളികളേയും സങ്കീർണപ്രശ്നങ്ങളേയും തികഞ്ഞ ആർജവത്തോടെ നേരിടണമെങ്കിൽ ഏതെങ്കിലും ഒരു കൂട്ടരുടെ ആശ്രിതനായി ജീവിക്കുക എന്നത് കരണീയമല്ല എന്ന തിരിച്ചറിവും ദൃഢനിശ്ചയവും അദ്ധേഹത്തിൻ്റെ പഠന കാലം മുതൽക്കേയുള്ളതാണ് , തതടിസ്ഥാനത്തിൽ ഗവൺമെൻ്റു തലത്തിലുള്ള അറബി അദ്ധ്യപക യോഗ്യത നേടിയെടുത്ത് പൊതുവിദ്ധ്യാഭ്യാസ മേഖലയിൽ അറബി അദ്ധ്യാപകനായി സേവനം അനുഷ്ടിച്ച് വിരമിച്ചയാളും തൻ്റെ ശിഷ്യഗണങ്ങളെ ആ നിലയിൽ തന്നെ വളർത്തിയെടുക്കുകയും ചെയ്തു . അതു കൊണ്ടു തന്നെ അദ്ധേഹത്തിൻ്റെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കിയവരിൽ സിംഹഭാഗവും സ്കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം മുദർരിസ് , ഖത്തീബ് എന്നീ നിലകളിൽ വൈദഗ്ധ്യം നേടിയവരും മഹല്ലു കൈകാര്യം ചെയ്യുന്നതിൽ നിപുണന്മാരുമാണ് . ഈ സവിശേഷത അദ്ധേഹത്തിൻ്റെ മാത്രം ശിഷ്യന്മാരുടെ പ്രത്യേകതയാണ് എന്നു പറയുന്നതാകും കൂടുതൽ ശരി .

ഫത്ഹുൽ മുഈൻ അടക്കമുള്ള പ്രശസ്ത ഗ്രന്ഥങ്ങളുടെ മുസ്വന്നിഫ് സൈനുദ്ദീൻ അൽ മഖ്ദൂം തങ്ങളുടെ പേരമകൻ നിരണം പുളിമൂട്ടിൽ കുടുംബാംഗമായ മർഹൂം അഹ്മദ് ലബ്ബ അൽ മഅ്ബരി അൽ മഖ്ദൂമിയുടേയും കോട്ടാങ്ങൽ മർഹൂം ഖാളിയാരു കൊച്ചുവാവ സിദ്ദീഖ് മുസ്ലിയാരുടെ മകൾ റഹീമാബീവിയുടേയും മകനായി 1935 ൽ ജനിച്ച അബദുൽ അസീസ് മൗലവി പ്രാഥമിക പഠനം കോട്ടാങ്ങൽ എൽ പി സ്കൂൾ , ചുങ്കപ്പാറ സെൻ്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിർവ്വഹിച്ച ശേഷം മത വൈജ്ഞാനിക മേഖലയിലേക്കു തിരിഞ്ഞു കാഞ്ഞിരപ്പള്ളി ഹിദായത്തുൽ ഇസ് ലാം അറബിക് കോളജ് , സുബുലുൽ ഹുദാ ആലപ്പുഴ , മൻബഉൽ ഖൈറാത്ത് ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിൽ പഠനം തുടരുകയും ഫാളിൽ മൻബഈ ബിരുദം നേടുകയും ചെയ്തു ഒപ്പം തന്നെ അഫ്ളലുൽ ഉലമാ ബിരുദവും കരസ്ഥമാക്കി തുടർന്ന് കോഴിക്കോട് ഫറൂക്ക് കോളജിലും പഠിച്ച് ബിരുദം നേടി . ശേഷം പായിപ്പാട് , തിരുവല്ല , കുമ്മനം എന്നീ സ്ഥലങ്ങളിൽ ഖത്തീബും മുദർരിസുമായി സേവനമനുഷിച്ചു കോട്ടയം കുമ്മനത്തു മുദർരിസായി സേവനമനുഷ്ഠിച്ചു വരവേ 1959 ൽ ഗവൺമെൻ്റ് തല പൊതുവിദ്യാഭ്യാസ മേഖലയിൽ അറബിക് അദ്ധ്യാപകനായി നിയമിതനായി .

കോട്ടാങ്ങൽ ചീഫ് ഇമാം അബ്ദുൽ ഗഫുർ മൗലവി , വെട്ടുകല്ലും മുറി അബ്ദുസ്സമദ് മൗലവി , അശ്റഫ് മൗലവി ചുങ്കപ്പാറ , ആലപ്ര അബ്ദുൽ കരീം മുസ്‌ലിയാർ, റിട്ടയേർഡ് അദ്ധ്യാപകൻ ത്വാഹാ മാഷ് മാന്നാർ , മർഹൂം അബ്ദുൽ റഹിം മൗലവി ആലപ്ര , റിട്ടേർഡ് അദ്ധ്യാപിക സലീമാ ടീച്ചർ മാന്നാർ , നസീമാ ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്ന റിട്ടയേർഡ് അദ്ധ്യാപിക നസീമാ ടീച്ചർ , എന്നീ പ്രമുഖർക്കു പുറമെ ഒട്ടനവധി ശിഷ്യഗണങ്ങൾ ദേശത്തും വിദേശത്തുമായി വ്യത്യസ്ഥ മേഖലയിൽ സേവനം അനുഷ്ടിച്ചു വരുന്നു ,
കെ എം ജെ എഫ് , കെ എം സി സി , അജ് വ എന്നീ സംഘടനകളുടെ ജിദ്ദയിലെ മുൻനിര നേതാക്കളിൽ പ്രമുഖനും മത സാമൂഹിക സംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ കാഞ്ഞിരപ്പള്ളി മൗലവി സൈദു മുഹമ്മദ് അൽ കാശിഫി മരുമകനാണ് .

ജീവിതത്തിൻ്റെ ഓരോ ചുവടും ചരിത്രമാക്കി മാറ്റിയ വൈജ്ഞാനിക സരണിയിലെ സൗമ്യ സാന്നിദ്ധ്യം എൺപതുകൾ തളർത്തിയ ശരീരവും മങ്ങലേറ്റ ഓർമകളുമായി സ്വവസതിയിൽ വിശ്രമ ജീവിതത്തിലാണ് .