വിശ്വാസികള്‍ക്ക് പരീക്ഷണം പുതുമയല്ല: വി.എം. അബ്ദുല്ല മൗലവി ചന്തിരൂര്‍

ജിദ്ദ. ഇന്ത്യയിലെ മുസ്ലിം സമുദായം അനുഭവിക്കുന്ന പീഢനങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ആത്യന്തിക പരിഹാരം യഥാര്‍ത്ഥ വിശ്വാസം മുറുകെ പിടിച്ച് ഉത്തമ വിശ്വാസികളായി ജീവിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകലാണെന്നു  വി.എം. അബ്ദുള്ളാഹ് മൗലവി.  അജ്‌വ ജിദ്ദ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന്  മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നാം നമ്മുടെ വിശ്വാസങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും പിന്നോട്ടു പോയതും, ആഢംബരങ്ങള്‍ക്ക് പിന്നാലെ പോകുന്നതും നമ്മുടെ പരാജയങ്ങള്‍ക്ക് കാരണമാണ്. രാജ്യത്തെ മുസ്ലിം സമൂഹം അനുഭവിക്കുന്ന പീഢനങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ലെന്നും, ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലഘട്ടം മുതല്‍ പ്രവാചകനും മുസ്ലിംങ്ങളും ഇതിലും വലിയ പരീക്ഷണങ്ങള്‍ അതിജീവിച്ചവരാണെന്നും വി.എം. അബ്ദുള്ളാഹ് മൗലവി സദസ്സിനെ ഉദ്ബോധിപ്പിച്ചു.

അജ്‌വ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ടുമാരായ  സെയ്ദ് മുഹമ്മദ് കാശിഫിയും, അബ്ദുള്‍ ലത്ത്വീഫ് മുസ്ല്യാരും വി.എം. അബ്ദുള്ളാഹ് മൗലവിയെ ഷാള്‍ അണിയിച്ച് ആദരിച്ചു.

അജ്‌വ സംസ്ഥാന സമിതിയംഗം മുഹമ്മദ് റജീബ് സാഹിബിനെ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി സൗദി നാഷണല്‍ വൈസ് പ്രസിഡണ്ട് ജാസ് ഫൈസി ചിതറ മൊമെന്‍റോ നല്‍കി ആദരിച്ചു.

രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സയ്യിദ് സിഗ്ബത്തുള്ളാഹ് തങ്ങള്‍ അല്‍ഖാസിമി ലക്ഷദ്വീപ് ഉല്‍ഘാടനം ചെയ്തു. മസൂദ് മൗലവി, നൗഷാദ് ഓച്ചിറ, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ്  ആറാട്ടുപുഴ, ഷിഹാബുദ്ധീന്‍ പൂന്തുറ, അന്‍വര്‍ സാദത്ത് മലപ്പുറം, ശിഹാബ് പൊന്‍മള, അബ്ദുള്‍ ഖാദര്‍ തിരുനാവായ, റഷീദ് പതിയാശേരി, സലീം റോഡുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ജമാലുദ്ധീന്‍ അശ്റഫി നന്ദിയും പറഞ്ഞു.