സൗദിയില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

റിയാദ്: ആലിപ്പഴവര്‍ഷം, മൂടല്‍ മഞ്ഞ്, തീരത്ത് ഉയര്‍ന്ന തിരമാലകള്‍ എന്നിവയ്‌ക്കൊപ്പം ശക്തമായ മഴ അടുത്ത വെള്ളിയാഴ്ച വരെ തുടരുമെന്ന് സൗദി അറേബ്യയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനുവരി 6 വെള്ളി വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കേന്ദ്രം ട്വീറ്റ് ചെയ്തിട്ടുള്ളത്.
മക്ക, മദീന, വടക്കന്‍ അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മക്ക, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളിലും തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അസീര്‍, ബാഹ, മക്ക, മദീന മേഖലകളിലെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനൊപ്പം മിതമായതും ശക്തമായതുമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് തിങ്കളാഴ്ചത്തെ പ്രതിദിന റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതോടൊപ്പം ഖസീം, ഹായില്‍, തബൂക്ക്, വടക്കന്‍ അതിര്‍ത്തികളിലും അല്‍ ജൗഫുവരെയുള്ള ചില ഭാഗങ്ങളിലും മഴ വ്യാപിക്കാന്‍ സാധ്യതയുണ്ട്.
റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയുടെയും ചില ഭാഗങ്ങളിലും നജ്‌റാന്‍, ജിസാന്‍ മേഖലകളുടെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തബൂക്ക് മേഖലയുടെയും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളുടെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിയാദിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ സന്ദേശത്തിലും തിങ്കളാഴ്ച അറിയിച്ചു. മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും താഴ്‌വരകള്‍, തോടുകള്‍, അണക്കെട്ടുകള്‍, വാട്ടര്‍ പൂളുകള്‍, വിളക്കുകാലുകള്‍, ഇലക്ട്രിക് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കാനും സിവില്‍ ഡിഫന്‍സ് എല്ലാവരോടും ആഹ്വാനം ചെയ്തു. എല്ലാവരുടേയും സഹകരണമാണ് ഞങ്ങളുടെ പിന്തുണ, നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം, എന്നും സിവില്‍ ഡിഫെന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയും ഇന്നും ജിദ്ദ, മക്ക, മദീന അടക്കമുള്ള സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലൊക്കെ മഴവെള്ളം കെട്ടിനിന്നു. വ്യത്യസ്ഥ സമയങ്ങളിലാണ് വിവിധയിടങ്ങളില്‍ മഴ വര്‍ഷിച്ചത്.






