ജിദ്ദ വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്‍ വിവിധ പരിപാടികളോടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: വാഴക്കാടുനിന്നും പരിസരത്തുനിന്നും ജിദ്ദയില്‍ ജോലിയാവശ്യാര്‍ഥമെത്തി പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികളുടെ 1981ല്‍ സ്ഥാപിതമായ കൂട്ടായ്മയായ ജിദ്ദ വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്‍ (വി.സി.എ)യുടെ 40-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ജിദ്ദയില്‍ നടന്നു.

പ്രവാസത്തിലും, നാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാ കായിക പ്രവര്‍ത്തനങ്ങളും നടത്തിവുന്ന സംഘടനയാണ് വി.സി.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്‍.

സംഘടനയുടെ പുതിയ ഭാരവാഹികളായി സി.സി.എ റസാഖ് പ്രസിഡന്‍ഡ്, ജംഷാദ് വാഴക്കാട് ജനറല്‍ സെക്രട്ടറി, ഹാരിസ് ബാബു ട്രഷറര്‍ എന്നവരെ തെരഞ്ഞെടുത്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തില്‍ നാട്ടില്‍നിന്ന് സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ ഹമീദ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. നാട്ടില്‍ മയക്ക് മരുന്ന് ഉപയോളിക്കുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുവരികയാണെന്നും ഇതിനെതിരെ നാട്ടിലുള്ളവരോടൊപ്പം പ്രവാസി സുഹൂത്തുക്കളും അവബോധമുള്ളവരായിരിക്കണമെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മയക്കു മരുന്ന് ഉപയോഗത്തിന്റെ ദുഷ്യ ഫലത്തെ കുറിച്ചു വിവരിച്ച ഹമീദ് മാസ്റ്റര്‍ ഇക്കാര്യത്തില്‍ പ്രവാസി സംഘടനകള്‍ക്കും ബോധവത്കരണ യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികളും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അരങ്ങേറുകയുണ്ടായി.