ആഗോള ചട്ടങ്ങള്‍ക്കനുസൃതമായി ഖത്തര്‍ ലോകകപ്പ് ചിത്രീകരണത്തിനു അനുമതിയെന്ന് സുപ്രീം കമ്മിറ്റി

♣ ആന്‍സി വിനീഷ
ദോഹ: ഫിഫ ലോകകപ്പ് വേളയില്‍ മാധ്യമ പ്രതിനിധികള്‍ക്ക് ഖത്തര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്‌സി) പ്രസ്താവന പുറത്തിറക്കി. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രസ്തവന പുറന്നുവിട്ടത്.
ഫിഫ ലോകകപ്പ് വേളയില്‍ മാധ്യമ പ്രതിനിധികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങളില്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
ഫിഫ ലോകകപ്പ് ചിത്രീകരണ പെര്‍മിറ്റുകള്‍ക്കുള്ള വ്യവസ്ഥകള്‍ ഖത്തര്‍ മീഡിയ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സെപ്റ്റംബര്‍ ആദ്യം മുതല്‍ മാധ്യമ പ്രതിനിധികള്‍ക്ക് വ്യാപകമായി ലഭ്യമാക്കിയിട്ടുമുണ്ട്.
ലോകമെമ്പാടുമുള്ള സാധാരണ രീതിക്ക് അനുസൃതമായി, സ്വകാര്യ സ്വത്തുക്കളില്‍ ചിത്രീകരണം അനുവദനീയമാണ്. എന്നാല്‍ വസ്തുവിന്റെ ഉടമയില്‍ നിന്നോ ഉത്തരവാദിത്തമുള്ള സ്ഥാപനത്തില്‍ നിന്നോ സമ്മതം തടിയിരിക്കണം. നിരവധി പ്രാദേശിക, അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഓരോ വര്‍ഷവും ഖത്തറില്‍ നിന്ന് സ്വതന്ത്രമായി യാതൊരു തടസ്സങ്ങളുമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
നിലവിലുള്ള പ്രക്രിയകളെ പ്രതിഫലിപ്പിക്കുന്ന, ഈ പ്രശ്‌നത്തെക്കുറിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ടിംഗ് ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ആവശ്യപ്പെടുന്നതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.






