ദേവനന്ദിന്റെ കരവിരുതില്‍ തെളിഞ്ഞത് വാഹനങ്ങളുടെ വര്‍ണ്ണ ലോകം

തലശ്ശേരി: ചൊക്ലി മേനപ്രം ആണ്ടി പീടികയിലെ കുന്നുമ്മല്‍ ദേവനന്ദനം വീട് കണ്ണഞ്ചിപ്പിക്കുന്ന വാഹനങ്ങളുടെ ഗ്യാറേജായി മാറിയിരിക്കുകയാണ്. ബസ്, ലോറി, കാര്‍, ജിപ്പ്, ട്രാക്ടര്‍ ടിപ്പര്‍ എന്നത് ഏതും ഒറ്റത്തവണ കണ്ടാല്‍ മതി അതിന്റെ രൂപവും ഭാവവും പ്രത്യേകതയും മനസില്‍ ഒപ്പിയെടുക്കും. പിന്നെയത് കടലാസില്‍ ചിത്രമായും അസംസ്‌കൃത വസ്തുക്കളുടെ രൂപത്തില്‍ പകര്‍ത്തി ഒരുക്കുന്നതുവരെ വിശ്രമമില്ല ഈ കൗമാരക്കാരന്.

ഇളം പ്രായത്തില്‍ തന്നെ ദേവനന്ദിന് വാഹനങ്ങളോടും അവയുടെ രൂപ കല്‍പ്പനയോടും ഏറെ കമ്പമാണ്. ആദ്യം ചിത്ര രചനയോടായിരുന്നു താല്‍പര്യം. ചുവരില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയതില്‍ പിന്നീടാണ് പുതിയതും പഴയതുമായ വാഹനങ്ങളുടെ മോഡലുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. കോവിഡ് ഭീതി പടര്‍ത്തിയ അവസരത്തില്‍ വീട്ടില്‍ ഒതുങ്ങിക്കഴിയുമ്പോഴാണ് കിട്ടുന്ന പാഴ് വസ്തുക്കള്‍ സ്വരൂപിച്ചുകൂട്ടി നിരവധിയായ വാഹനങ്ങള്‍ സൃഷ്ടിച്ചു കൂട്ടിയത്. വാഹനങ്ങളുടെ മോഡല്‍ നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല ഈ കൊച്ചു മിടിക്കന്റെ മികവ്. വാഹനങ്ങളില്‍ ഒരുക്കുന്ന വര്‍ണ്ണാഭമായ അലങ്കാര വിളക്കുകളും ഹെഡ് ലൈറ്റുകളും ഹോര്‍ണുകളും നിര്‍മ്മിക്കുന്നതില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവയുണ്ട്. കൂടാതെ വീടിന്റെ ചുവരുകളില്‍ ദൈവിക രൂപങ്ങളും വരച്ചു ചേര്‍ത്തിട്ടുണ്ട്. പ്രകൃതിയുടെ ചിത്രങ്ങള്‍ വരക്കുന്നതിനോടാണ് ഏറെ താല്‍പര്യം. വലിച്ചെറിയുന്ന പാഴ് വസ്തുക്കളും ദേവനന്ദിന്റെ കൈയ്യിലെത്തിയാല്‍ വാഹന നിര്‍മ്മാണത്തിനായി ഉപയോഗിക്കും.
ഏക മകന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ക്കും ഒപ്പംകൂടാന്‍ അമ്മ രജിതക്ക് ഇഷ്ടമാണെങ്കിലും അതു നിറവേറ്റാന്‍ ജീവിതം ഏകയായി തുഴയുന്ന ഇവര്‍ക്ക് സാധിക്കുമായിരുന്നില്ല. ചൊക്ലി ലക്ഷിവിലാസം യു.പി സ്‌കൂളിലെ ഹേമലത ടീച്ചറാണ് ദേവനന്ദിന്റെ കഴിവുകളെ പ്രോത്യാഹിപ്പിക്കുവാന്‍ ഏറെയും സഹായങ്ങള്‍ ചെയ്തു നല്‍കിയത്. സഹോദരി പുത്രന്‍ സരുണും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സാമ്പത്തിക പരാധീനതകള്‍ വലയം ചെയ്തു നില്‍ക്കുന്ന വീട്ടിലെ തൊഴില്‍ രഹിതയാണ് രജിത. ഭര്‍ത്താവ് വിനോദ് ഈയ്യിടെയായി മരണപ്പെട്ടിരുന്നു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. എപ്പോഴെങ്കിലും കിട്ടുന്ന താല്‍ക്കാലിക ഒഴിവില്‍ അംഗന്‍വാടി ഹെല്‍പ്പറായി ജോലി ചെയ്താണ് അമ്മയും മകനും ജീവിതം മുന്നോട്ടു നയിക്കുന്നത്. കതിരൂര്‍ ചുണ്ടങ്ങാപൊയില്‍ സ്‌കൂളില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദേവനന്ദ്. അതുല്യ കഴിവുകളുള്ള മകന്‍ മെനഞ്ഞെടുക്കുന്ന മോഡലുകള്‍ അടക്കി വെക്കാന്‍ പോലും ഇവരുടെ വീട്ടില്‍ ഇടമില്ല. അതിനാല്‍ മിക്കതും കൂട്ടുകാര്‍ക്കും അംഗന്‍വാടിക്കും സമ്മാനമായി നല്‍കുകയാണ്. പ്രോത്സാഹനം കിട്ടിയാല്‍ ദേവനന്ദിന് വാഹന മോള്‍ഡിംഗ് മേഖലയില്‍ തിളങ്ങാനാകും.






