വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു

മക്ക: ഹറം സൂക്ഷിപ്പുകാരനും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പരിശുദ്ധ കഅബ കഴുകുന്ന ചടങ്ങ് നടന്നു.

പനിനീര്‍, ഊദ്, മറ്റ് സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കലര്‍ത്തിയ സംസം വെള്ളമുപയോഗിച്ചാണ് കഅ്ബ കഴുകിയത്. റോസാപ്പൂവ്, കസ്തൂരി, എന്നിവയുടെ ലായനിയില്‍ മുക്കിയ തുണികൊണ്ട് കഅ്ബയുടെ അകത്തെ ഭിത്തികള്‍ വൃത്തിയാക്കി. റോസ് പെര്‍ഫ്യൂം കലര്‍ന്ന സംസം വെള്ളം തറയില്‍ തളിക്കുകയും കൈയും ഈന്തപ്പനയും ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്തു.

കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാര്‍, ത്വായിഫ് ഗവര്‍ണര്‍ സഊദ് ബിന്‍ നഹര്‍ ബിന്‍ സഊദ് രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് സഊദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരന്‍, ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ്, ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ മുത്‌ലഖ്, ശൈഖ് സാദ് ബിന്‍ നാസര്‍ അല്‍ ശത്രി, ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില, കഅ്ബയുടെ സൂക്ഷിപ്പുകാരന്‍, മുതിര്‍ന്ന പണ്ഡിതസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കിരീടാവകാശിയെ ഇരു ഹറം വകുപ്പ് കാര്യാലയ മേധാവി ശൈയ്ഖ് അബ്ദുല്‍റഹ്‌മാന്‍ അല്‍ സുദൈസ് സ്വീകരിച്ചു. വിശുദ്ധ കഅ്ബയില്‍ ത്വവാഫ് ചൈയ്ത നമസ്‌ക്കരിച്ചാണ് കഅബയുടെ ഉള്ളില്‍ പ്രവേശിച്ച് കഴുകല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്.