ഇഹ്‌റാം പുനരുപയോഗത്തിനായി റീസൈക്കിള്‍ പദ്ധതി ആരംഭിച്ചു

ജിദ്ദ: ഹജജ് തീര്‍ഥാടകരുടെ വേഷമായ ഇഹ്‌റാം പുനരുപയോഗത്തിനായി റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചു. തീര്‍ഥാടനത്തിനൊടുവില്‍ തീര്‍ഥാടകരുടെ ക്യാമ്പുകളില്‍ നിന്ന് ഇഹ്‌റാമുകള്‍ ശേഖരിക്കുന്നതാണ് പദ്ധതി. തരംതിരിച്ച് അണുവിമുക്തമാക്കി കഴുകി സുതാര്യമായ ബാഗുകളില്‍ സുക്ഷിക്കുകയാണ് ചെയ്യുക.

നാഷണല്‍ സെന്റര്‍ ഫോര്‍ വേശ്ശ് മാനേജ്‌മെന്റാണ് ഹജജ് തീര്‍ത്ഥാടകരുടെ പ്രത്യേക വേഷമായ ഇഹ്‌റാം ഉപയോഗത്തിന് ശേഷം വീണ്ടും പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കിയതായി അറിയിച്ചത്. ഉപയോഗിച്ച ഇഹ്‌റാമുകള്‍ റീസൈക്കിള്‍ ചെയ്യുകയാണ് ചെയ്യുക. പരിസര മലിനീകരണം ഉണ്ടാകും വിധം അശ്രദ്ധമായി ഇഹ്‌റാം വേഷങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഹജജ് സീസണില്‍ മുന്‍കൈ എടുത്ത് പരീക്ഷണം നടത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഇഹ്‌റാം വേഷങ്ങള്‍ റീസൈക്കിള്‍ ചെയ്യുവാന്‍ സാധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതിന് കാരണം.

ഇഹ്‌റാമുകള്‍ പുന:ചംക്രമണം ചെയ്യുന്നതിനുള്ള പദ്ധതിയില്‍ പങ്കാളികളാകാനുള്ള ശ്രമത്തില്‍ വിജയം കണ്ടതോടെയാണ് വിപുലമായി ഈ സംരംഭം ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ഹജജുവേളയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഇഹ്‌റാമുകള്‍ കൈമാറി തീര്‍ഥാടകര്‍ സഹകരിച്ചിരുന്നു.