സാമൂഹിക വിരുദ്ധ സംഘടനായി എസ് എഫ് ഐ അധശ്ശപതിച്ചു: ദമ്മാം ഒഐസിസി

ദമ്മാം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സംഘപരിവാര്‍ ശക്തികളുടെയും കണ്ണിലെ കരടായ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസില്‍ അതിക്രമിച്ചു കയറി ഓഫീസിലെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തും ജീവക്കാരെ കയ്യേറ്റം ചെയ്തും അഴിഞ്ഞാടിയതിലൂടെ എസ്എഫ്‌ഐ ലക്ഷണമൊത്ത സാമൂഹിക വിരുദ്ധ സംഘടനയായി അധ:പതിച്ചെന്ന് ഒഐസിസി ദമ്മാം റീജ്യണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍ വന്നതും എസ്എഫ്‌ഐയുടെ ഈ ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഒഐസിസി ദമ്മാമില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് വിലയിരുത്തി.

ബഫര്‍ സോണ്‍ വിഷയത്തില്‍ നാളിതുവരെ ഏതൊരു പ്രതികരണവും നടത്താത്ത എസ്എഫ്‌ഐ പെട്ടെന്ന് ഇങ്ങനെയൊരു ആക്രമണം രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ നടത്തിയത് സിപിഎം – ബിജെപി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഒഐസിസി പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു കൊണ്ട് ഒഐസിസി ഗ്‌ളോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ് പറഞ്ഞു.

ക്വട്ടേഷന്‍ മാഫിയാ സംഘത്തെപ്പോലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. കേരളത്തിലെ കലാലയങ്ങളെ കലാപ കേന്ദ്രങ്ങളാക്കി മാറ്റുന്ന എസ്എഫ്‌ഐ വളര്‍ന്ന് വരുന്ന തലമുറക്ക് ഭീഷണിയാണ്. ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും ആധിപത്യം സ്ഥാപിച്ചെടുക്കുന്ന എസ്എഫ്‌ഐ പിണറായി വിജയന്റെ ഭരണത്തിന്റെ തണലില്‍ ക്യാമ്പസിന് പുറത്തും അഴിഞ്ഞാടാന്‍ തുടങ്ങിയത് ഏറെ ഗൗരവതരവും അപകടകരവുമാണെന്ന് ഒഐസിസി ഓര്‍മ്മപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പുറത്തുനിന്നും ആരെങ്കിലും നുഴഞ്ഞുകയറിയോയെന്ന് പരിശോധിക്കുമെന്ന് പറയുന്ന എസ്എഫ്‌ഐ നേതൃത്വത്തിന്റെ നിലപാടുതന്നെ ആ സംഘടനയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നിരവധി അക്രമണ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ടു തന്നെ നിലവില്‍ ജയിലിലാണ് കഴിയുന്നതെന്നുള്ളത് ആ സംഘടനയുടെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന പിണറായി വിജയനും സിപിഎമ്മും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവിനെ തടയുവാന്‍ മോഡിയെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി എസ്എഫ്‌ഐ യെക്കൊണ്ട് ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ എസ്എഫ്‌ഐ നടത്തിയ ആക്രമത്തിലൂടെ കേരളത്തിന് വലിയ നാണക്കേടാണ് സിപിഎം വരുത്തിവച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ മോഡിക്ക് കഴിയാത്തത് ഞങ്ങള്‍ ചെയ്തിരിക്കുന്നുവെന്ന് മോഡിയെ ബോധ്യപ്പെടുത്തി പ്രീതിസമ്പാദിക്കലായിരുന്നു പിണറായിയുടെ ലക്ഷ്യം. അതിന് എസ്എഫ്‌ഐയെ ഉപയോഗപ്പെടുത്തുകയാണ് സിപിഎം ചെയ്തത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും ഒഐസിസി പ്രതിഷേധ സംഗമത്തിന് അദ്ധ്യക്ഷത വഹിച്ച ബിജു കല്ലുമല പറഞ്ഞു.
ആക്രമണത്തെ അപലപിച്ചതിലും തള്ളിപ്പറഞ്ഞതിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുവാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകണമെന്ന് ഒഐസിസി പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. ഹനീഫ് റാവുത്തര്‍, പികെ അബ്ദുല്‍ കരീം, രാധികാ ശ്യാം പ്രകാശ്, ഷിജിലാ ഹമീദ്, ഹുസ്‌നാ ആസിഫ് തുടങ്ങിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇകെ സലിം സ്വാഗതവും ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.