ഹജജ് സീസണ്‍ കണക്കിലെടുത്ത് അനുമതിപത്രമില്ലാത്ത വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുവാന്‍ വിലക്ക്; അനുമതിപത്രത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി

മക്ക: അനുമതിപത്രമില്ലാത്ത വിദേശികള്‍ക്ക് മക്ക അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നത് വിലക്കേർപ്പെടുത്തി തുടങ്ങിയകാര്യം പൊതു സുരക്ഷവിഭാഗം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ഷുവൈരിഖ് അറിയിച്ചു. ഹജജ് സീസണില്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ ഇലക്‌ട്രോണിക് അനുമതിപത്രം സമര്‍പ്പിക്കണം. ഹജജിന്റെ പ്രധാന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും വരെ മക്കയിലേക്കു പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.
മക്കയിലേക്ക് പ്രവേശിക്കുവാനുള്ള ഇലക്‌ട്രോണിക് അനുമതിപത്രത്തിനു അപേക്ഷ സ്വീകരിച്ച് തുടങ്ങി. വിദേശികളായ വീട്ടുജോലിക്കാര്‍, മക്കയിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, സീസണ്‍ ജോലിക്കായി അനുമതിയുള്ളവര്‍, അജീറില്‍ കരാര്‍ ചെയ്ത കരാര്‍ ജോലിക്കാര്‍ എന്നിവര്‍ക്കാണ് അനുമതിപത്രത്തിന് അപേക്ഷിക്കാനാവുക.
അബ്ഷിര്‍, മുഖീം പ്‌ളാറ്റ്‌ഫോംവഴി അനുമതി നേടാനാകും. അതേസമയം ദുല്‍ ഖഅദ് 15 വരെ ഉംറ കര്‍മ്മത്തിന് അനുമതി ലഭിച്ചവര്‍ക്ക് ഉംറ ചെയ്യാനാകും.






