മത സമൂഹങ്ങളെ തമ്മിലടിപ്പിച്ച് സി.പി.എം തെരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നു: സലാം

ജിദ്ദ: പരസ്പര സ്‌നേഹത്തിലും സൗഹൃദത്തിലും സമാധാനപൂര്‍വ്വം ഒരുമിച്ച് ജീവിച്ച് പോരുന്ന കേരളത്തിലെ വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും വിദ്ധ്യേഷത്തിന്റെയും വിഭാഗീയ വിഷ വിത്ത് വിതക്കുന്ന സി.പി.എം ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന ക്രൂര വിനോദം അവസാനിപ്പിക്കണമെന്ന് മൂസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. സൗദി പര്യാടനത്തിനിടയില്‍ ജിദ്ദ കെ.എം.സി.സി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

കേവല രാഷ്ട്രീയ വിജയത്തിനായി സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ മതേതര കേരളത്തെ ഭ്രാന്താലയമാക്കി മാറ്റും. ഇസ്‌ലാമോഫോബിയക്ക് ചൂട്ട് പിടിച്ച സി.പി.എം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും കാണാത്ത രീതിയിലാണ് പൗരത്വ സമരങ്ങള്‍ക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് കേസുകള്‍ പിന്‍വലിക്കും എന്ന് പറഞ്ഞു വോട്ട് വാങ്ങി വീണ്ടും സമുദായത്തെ കബളിപ്പിച്ചു.

സച്ചാര്‍ കമ്മീഷന്‍ മുസ്‌ലിംങ്കള്‍ക്ക് മാത്രമായി നല്‍കിയ സ്‌കോളര്‍ഷിപ്പും സംവരണവും പാവപ്പെട്ട സമുദായത്തിന്റെ കയ്യില്‍ നിന്നും തട്ടിപറിച്ച് മറ്റുള്ളവര്‍ക്ക് നല്‍കി പ്രീണനം നടത്തി. ഇപ്പോള്‍ വഖഫ് ബോര്‍ഡില്‍ പോലും മറ്റ് സമുദായക്കാരെ തിരികി കയറ്റി കൊണ്ടിരിക്കുകയാണ്.
അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ഖാദര്‍ ചെങ്കള സമ്മേളനം ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു.