ഓണ്‍ലൈന്‍ വായനകള്‍ക്ക് വിരാമമിട്ട് ഓഫ്‌ലൈന്‍ വായന പുനരാരംഭിച്ച് ചില്ല

റിയാദ്: കോവിഡ് കാലത്തെ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കേളി കലാസാംസ്‌കാരിക വേദിയുടെ പൊതു കൂട്ടായ്മയായ ചില്ല സര്‍ഗവേദി ”എന്റെ വായന” പുനരാരംഭിച്ചു. മലയാളത്തിലെ വിഖ്യാതരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് കാലത്ത് ചില്ല നടത്തിയ ഓണ്‍ലൈന്‍ സാംസ്‌കാരിക സംവാദങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
‘അക്ഷരത്തെറ്റ്” എന്ന ബാലകഥ അവതരിപ്പിച്ചുകൊണ്ട് സ്‌നേഹ സാദിഖാണ് മെയ് മാസത്തെ വായന സംവാദ പരിപാടിക്ക് തുടക്കം കുറിച്ചത്. വിനില്‍ പോളിന്റെ ”അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം” എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന പങ്കുവെച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ എവിടെയും കാര്യമായി രേഖപ്പെടുത്താതെ പോയ അടിമവ്യവന്മയുടെ ചരിത്രവും ക്രൂരതയും എങ്ങിനെ കീഴാള ജീവിതത്തെയും കേരളീയ സാമൂഹ്യജീവിതത്തെയും സ്വാധീനിച്ചു എന്നാണ് പുസ്തകം വിശദീകരിക്കുന്നത്. പ്രസിദ്ധ നൈജീരിയന്‍ എഴുത്തുകാരന്‍ ചിന്വ അചേബെയുടെ ”റെഫ്യൂജി മദര്‍ ആന്‍ഡ് ചൈല്‍ഡ്”, എസ്.ജോസഫിന്റെ ”ഐഡന്റിറ്റി കാര്‍ഡ്” എന്നീ കവിതകളിലെ മനുഷ്യപ്രതിസന്ധികളുടെ വയനാനുഭവം ഷഹീബ വി കെ അവതരിപ്പിച്ചു. കാത്തിരിപ്പിനെ കാവ്യാത്മകമായ ഒരു നോവല്‍ ശില്പമാക്കി മാറ്റിയ എം.ടി യുടെ ”മഞ്ഞ്” അവതരിപ്പിച്ചത് ലീന കോടിയത്താണ്. സതീഷ് കുമാര്‍ വളവില്‍ അവതരിപ്പിച്ച അരുണ്‍ എഴുത്തണ്ണന്റെ ”വിശുദ്ധ പാപങ്ങളുടെ ഇന്ത്യ” എന്ന യാത്രാനുഭവ ഗ്രമ്പത്തിന്റെ വായന ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തിലെ നിയമവിരുദ്ധതയും, അനീതിയും, ജാതീയതയും വിശദീകരിച്ചു. തഴച്ചു വളരുന്ന ഹിന്ദുത്വ-പുരുഷാധികാര രാഷ്ട്രീയത്തെ അനാവൃതമാക്കിക്കൊണ്ട് കെ ആര്‍ മീര രചിച്ച ”ഘാതകന്‍” എന്ന നോവലിന്റെ വായനാനുഭവം മൂസ കൊമ്പന്‍ അവതരിപ്പിച്ചു.
വായനക്ക് ശേഷം നടന്ന ചര്‍ച്ചക്ക് വിപിന്‍ തുടക്കം കുറിച്ചു. ടി.ആര്‍. സുബ്രഹമണ്യന്‍, എം.സതീഷ് കുമാര്‍, അനിത നസീം, പ്രിയ സന്തോഷ്, റസൂല്‍ സലാം, നെബു വര്‍ഗീസ്, മനോഹരന്‍ നെല്ലിക്കല്‍, അബ്ദുല്‍ റസാഖ്, രണന്‍ കമലന്‍, വിനയന്‍ എന്നിവര്‍ ചര്‍ച്ച സജീവമാക്കി. എം. ഫൈസല്‍ ചര്‍ച്ച ഉപസംഹരിച്ചു. ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ പരിപാടിയുടെ മോഡറേറ്ററായി. ചില്ലയുടെ സംവാദങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന സുബ്രഹ്‌മണ്യന്‍ താഴത്ത്, ജാബിര്‍ പയ്യന്നൂര്‍ എന്നിവരുടെ വേര്‍പാടില്‍ ചില്ല അനുശോചനം രേഖപ്പെടുത്തി.






