വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി

തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും.

ഡിസംബറില്‍ 5 കിലോ ആയിരുന്നു. ജനുവരി മുതല്‍ 7 കിലോയാക്കി ഉയര്‍ത്തിയിരുന്നു. 92 ലക്ഷത്തില്‍ പരം കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ ഏകദേശം 28.30 ലക്ഷം വെള്ള കാര്‍ഡ് ഉടമകളുണ്ട്. ഈ കാര്‍ഡില്‍ 1.12 കോടി അംഗങ്ങളാണുള്ളത്. മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന നീല കാര്‍ഡുള്ളവര്‍ക്ക് കിലോയ്ക്ക് 4 രൂപ നിരക്കില്‍ 2 കിലോ അരി വീതം ഈ മാസവും ലഭിക്കും. പിങ്ക്, മഞ്ഞ കാര്‍ഡിലെ അംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെഎ പദ്ധതി പ്രകാരം സൗജന്യമായി നല്‍കുന്ന 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ഈ മാസവും വിതരണം ചെയ്യും.

ആകെയുള്ള 92.19 ലക്ഷം കാര്‍ഡ് ഉടമകളില്‍ മാര്‍ച്ച് മാസത്തില്‍ 75.51 ലക്ഷം പേരാണ് (81.90) റേഷന്‍ വാങ്ങിയത്. 16.68 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയില്ലെന്നാണ് കണക്ക്.