കുരുന്നുകളുടെ ആരോഗ്യം ലക്ഷ്യമിട്ടു അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

തിരുവനന്തപുരം: ഇന്ന് നടന്ന സംസ്ഥാന ബജറ്റിൽ മന്ത്രി കെ.എൻ ബാലഗോപാൽ അങ്കണവാടിയിലെ കുരുന്നുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വെച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തി.അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും എന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന പദ്ധതിയുടെയും ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.പദ്ധതിയ്‌ക്കായി 61.5 കോടി രൂപയും നീക്കിവെച്ചതായി പറഞ്ഞു.

കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിയ്‌ക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും.ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോമും ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തി.