സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വൈക്കം വിജയലക്ഷ്മി, ഡോ.സുനിതകൃഷ്ണൻ , ശാന്താ ജോസ് , ഡോ.യു.പി.വി.സുധ എന്നിവർക്ക് അംഗീകാരം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2021ലെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിന് തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയതിന് ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ.മാർച്ച് എട്ട് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.






