മലപ്പുറത്ത് വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മലപ്പുറം: തിരൂരങ്ങാടി ഗവണ്മെന്‍റ് സ്കൂളിലെ വിദ്യാർഥിനി കഴിഞ്ഞ ദിവസം ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.
ബസ് സ്റ്റോപ്പിൽ നിർത്തിയതിനു ശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് മുൻവശത്തെ വാതിലിൽ നിന്ന് വിദ്യാർഥിനി പുറത്തേക്ക് വീണത്.ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ബസിൽ നിന്നും വീണ വിദ്യാർഥിനിക്ക് ഗുരുതര പരിക്കില്ലെങ്കിലും തലനാരിഴക്കാണ് വലിയ അപകടം ഒഴിവായതെന്നു കണ്ടുനിന്നവർ പറഞ്ഞു.അപകടത്തെ തുടർന്ന് തിരൂരങ്ങാടി താലൂക്കിലെ സ്കൂൾ പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.






