കണ്ണൂരിൽ കാൻസർ രോഗിയായ ഓട്ടോ തൊഴിലാളിക്ക് സ്റ്റാൻഡിൽ വിലക്ക്

പയ്യന്നൂർ: പയ്യന്നൂർ കാങ്കോലിൽ ക്യാൻസർ രോഗിയായ ഓട്ടോ ഡ്രൈവർക്ക് സി ഐ ടി യു തൊഴിലാളികളുടെ വിലക്കും ഭീഷണിയും.ഐ എൻ ടി യു സി പ്രവർത്തകനായ എം കെ രാജനെയാണ് സി ഐ ടി യു ഓട്ടോ തൊഴിലാളികൾ ഓട്ടോ ഓടിക്കുന്നതിലും സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.സി ഐ ടി യു മെമ്പർഷിപ് എടുത്താൽ മാത്രമെ രാജനെ ഓട്ടോ ഓടിക്കാൻ അനുവദിക്കൂ എന്നാണ് സി ഐ ടി യു നേതാക്കളും സി ഐ ടി യു ഓട്ടോ തൊഴിലാളികളും പറയുന്നത്.ഇവരുടെ ഭീഷണി കാരണം ജീവിതം വഴിമുട്ടിയ നിലയിലാണ് ഇപ്പോൾ രാജന്റെ അവസ്ഥ.

പയ്യന്നൂർ ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ ആയിരുന്നു രാജൻ ആദ്യം ഓട്ടോ പാർക്ക് ചെയ്തിരുന്നത്. കാൻസർ ബാധിതനായതോടെ സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓട്ടോ വിറ്റു.തുടർന്ന് മാസങ്ങൾക് ശേഷം പുതിയ ഓട്ടോ എടുക്കുകയും വീടിനടുത്തുള്ള കാങ്കോൽ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയും ചെയ്തു.എന്നാൽ തുടക്ക ദിവസം മുതൽ തന്നെ മറ്റുള്ള സി ഐ ടി യു ഓട്ടോ തൊഴിലാളികൾ അസഭ്യം പറയുകയും ഓട്ടോ തടയുകയും ചെയ്തുവെന്ന് രാജൻ പറഞ്ഞു.ഭീഷണി തുടർന്നുകൊണ്ടിരിക്കുന്നതിനാൽ രാജൻ ഓട്ടം നിർത്തി വെച്ചിരിക്കുകയാണ്.

ഭീഷണിയെ തുടർന്ന് രാജൻ പയ്യന്നൂർ പോലീസിലും ആർ ടി ഒ യ്ക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.സ്വന്തം യൂണിയനിൽ പെട്ട ആളെ മാത്രമേ ജോലി ചെയ്യാൻ അനുവദിക്കൂവെന്ന ധിക്കാരപരമായ നിലപാടാണ് സി ഐ ടി യു വിന്റേതെന്നു ഐ എൻ ടി യു സി ഓട്ടോ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ പി നാരായണൻ പറഞ്ഞു.