ആഘോഷമാവാം; അതിരു കടക്കരുത് -നന്മയിലൂടെ നാടിനെ കാക്കാം’ ; ക്യാമ്പയിനുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ആഘോഷ പരിപാടികളും വിവാഹച്ചടങ്ങുകളും അതിരുകടന്ന് വിവാഹ ആഘോഷത്തിൽ ബോംബെറിയുന്ന സംഭവം വരെയുണ്ടായ സാഹചര്യത്തില്‍ ‘ആഘോഷമാവാം; അതിരു കടക്കരുത് -നന്മയിലൂടെ നാടിനെ കാക്കാം’ എന്ന കാമ്പയിനുമായി കണ്ണൂര്‍ ജില്ല പഞ്ചായത്ത് രംഗത്ത് വന്നിരിക്കുകയാണ്.

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹ ചട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.എല്ലാ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ സഭകള്‍ സംഘടിപ്പിക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ 10 പേര്‍ അംഗങ്ങളായ നിരീക്ഷണ സമിതിയും പ്രവർത്തിക്കും.

ആഘോഷ വീടുകളിലെ പരസ്യ മദ്യപാനത്തിനും മദ്യവിതരണത്തിനുമെതിരെ കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകളെ സജ്ജരാക്കുമെന്നും വിവാഹ വീടുകളില്‍ മൈക്ക് ഉപയോഗിക്കുന്നതിന് പൊലീസിന്റെ അനുമതി വാങ്ങേണ്ടിവരുമെന്നും പ്രസിഡന്റ് അറിയിച്ചു.ജില്ലാ പഞ്ചായത്ത് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ നടന്നു.