വധഗൂഢാലോചന കേസ്; നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനും ദിലീപിൻ്റെ സുഹൃത്തുമായ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെയടക്കം നാദിർഷ പ്രതികരിച്ചിരുന്നു.വധഗൂഢാലോചന തീരുമാനം നാദിർഷയുമായി പങ്കിട്ടിട്ടുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്.

ഇന്നലെ ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.കേസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യും.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക.ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല.

നേരത്തെ ക്രൈം ബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം.കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളില്‍ വിളിച്ച് ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കേസ് കെട്ടിച്ചമച്ചതാണെന്നാണ് തെളിവുകളില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം.കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.