ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര; കർശന നിയന്ത്രങ്ങൾക്കൊരുങ്ങി കേന്ദ്രം

ഡൽഹി: കുട്ടികളുമൊത്തുള്ള ഇരുചക്രവാഹന യാത്രയ്ക്കു നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ദിനംപ്രതി വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ ഒരുങ്ങുന്നത്.നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്‍തു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധവും പരമാവധി വേഗം 40 കിലോമീറ്ററിൽ കൂടരുതെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.പുതിയ ട്രാഫിക് നിയമം ലംഘിച്ചാൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും.നാലു വയസ് വരെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമാണ്.
പുതിയ നിയമങ്ങൾ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷാ ഹാർനെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവൻ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാൻ റൈഡർ കുട്ടിയെ സുരക്ഷാ ഹാർനെസ് ഉപയോഗിച്ച് ബന്ധിച്ചിരിക്കണം. അതായത് കുട്ടിയെ ഓവർകോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിന്റെ ബെൽറ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം.ഇരുചക്രവാഹനങ്ങൾക്കുള്ള പുതിയ നിയമങ്ങൾ നാലു വയസ്സുവരെയുള്ള കുട്ടികൾ ക്രാഷ് ഹെൽമെറ്റോ സൈക്കിൾ ഹെൽമെറ്റോ ധരിക്കുന്നത് നിർബന്ധമാക്കുന്നു. ഹെൽമെറ്റുകൾ സർക്കാർ നിഷ്‍കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾക്കായി ഹെൽമറ്റ് നിർമിക്കാൻ കേന്ദ്രം നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്.






