മീഡിയാവണ്ണിന് യാംബു മലയാളി അസോസിയേഷന്റെ ഐക്യദാര്‍ഢ്യം

https://youtu.be/oDNLL_fOpdM
യാംബു: സംപ്രേഷണം വിലക്കിനെതിരെ മീഡിയ വണ്‍ നടത്തുന്ന നിയമ പോരാട്ടത്തിന് യാംബു മലയാളി അസോസിയേഷന്റെ പിന്തുണ. യാംബു നോവ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഐക്യദാര്‍ഢ്യസംഗമത്തില്‍ വിവിധ പ്രവാസി സംഘടനാ നേതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വേണ്ടി എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ നാവരിഞ്ഞ് നിശ്ശബ്ധമാക്കാമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹമാണെന്നും ഇന്ത്യയുടെ മഹത്തായ ജനാധിപത്യ മതേതര പാരമ്പര്യം തകര്‍ത്ത് ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള ശ്രമങ്ങളെ ധീരമായി പ്രതിരോധിക്കാന്‍ വേണ്ടത് ചെയ്യുമെന്നും സംഗമം പ്രഖ്യാപിച്ചു. പ്രവാസി സാംസ്‌കാരിക വേദി യാംബു മേഖല പ്രസിഡന്റ് സോജി ജേക്കബ് സംഗമം ഉദ്ഘാടനം ചെയ്തു. യാംബു മലയാളി അസോസിയേഷന്‍ (വൈ.എം.എ) പ്രസിഡന്റ് സലിം വേങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ വിഷയവതരണം നടത്തി. ശങ്കര്‍ എളങ്കൂര്‍ (ഒ.ഐ.സി.സി സൗദി നാഷനല്‍ പ്രസിഡന്റ്), മുസ്തഫ മൊറയൂര്‍ (കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി), ഷാജി കാപ്പില്‍ (പ്രിന്‍സിപ്പല്‍, അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍), മുഹമ്മദലി മാസ്റ്റര്‍ (പ്രിന്‍സിപ്പല്‍, കെന്‍സ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍), അസ്‌ക്കര്‍ വണ്ടൂര്‍ (ഒ.ഐ.സി.സി), ശറഫുദ്ദീന്‍ പാലീരി (കെ.എം.സി.സി), ബിഹാസ് കരുവാരക്കുണ്ട് (നവോദയ), നിയാസ് പുത്തൂര്‍ (യാംബു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം), അബ്ദുറഷീദ് ഫറൂഖ് (ഐ.എഫ്.എഫ്), അലി കളിയാട്ടുമുക്ക് (ഐ.സി.എഫ്), അഷ്‌റഫ് മൗലവി കണ്ണൂര്‍ (എസ്.ഐ.സി), നസിറുദ്ദീന്‍ ഇടുക്കി (പ്രവാസി സാംസ്‌കാരിക വേദി), സുഹൈബ് നായക്കന്‍ (സമ മെഡിക്കല്‍ കോംപ്‌ളക്‌സ്), നിയാസ് യൂസുഫ് (മീഡിയ വണ്‍) എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട കയ്യേറ്റം ജനാധിപത്യ ഇന്ത്യക്ക് അപമാനമാണെന്നും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നടപടിക്കെതിരെ ഒറ്റക്കെട്ടായ മുന്നേറ്റം വേണ്ടതുണ്ടെന്നും പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. വൈ.എം.എ ട്രഷറര്‍ സിദ്ദീഖുല്‍ അക്ബര്‍ സ്വാഗതവും വൈ.എം.എ – നന്മ കണ്‍വീനര്‍ അജോ ജോര്‍ജ് നന്ദിയും പറഞ്ഞു.