ഗൂഢാലോചന വെറും കെട്ടിച്ചമച്ച കഥ; വാദം ഇന്നും തുടരും,കസ്റ്റഡി ആവശ്യത്തില്‍ പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെയും കൂട്ടാളികളുടെയും മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം നടക്കും.ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ട്.ബാലചന്ദ്രന്റെ മൊഴി വിശ്വാസത്തിലെടുക്കരുതെന്നും ഗൂഢാലോചനകേസ്‌ കെട്ടിച്ചമച്ച കഥയെന്നും ദിലീപ് . നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്ന ഗുരുതരമായ ആരോപണവും ദിലീപ് ഉന്നയിച്ചു.ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് കേസ് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയില്‍ വാദിച്ചത്.

വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു.സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.

ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. വധ ഗൂഡാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.