ശാദുലി: കര്‍മ്മം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ ബഹുമുഖപ്രതിഭ (അനുസ്മരണം)

♠ കക്കുളത്ത് അബ്ദുല്‍ ഖാദര്‍
രാമന്തളിയില്‍ നിന്നും നാദാപുരത്തേക്കുള്ള യാത്ര ഏറെ ദൂരമുള്ളതാണെങ്കിലും ആറു പതിറ്റാണ്ടു മുന്‍പു തന്നെ ആത്മീയതയില്‍ ഇരു നാട്ടുകളും അടുപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നിര്യാതനായ പി ശാദുലി സാഹിബും രാമന്തളിയും അഭേദ്യമായ ബന്ധമുള്ള കാര്യം ഒരു പക്ഷെ പുതു തലമുറയ്ക്ക് അന്യമാണ്. കര്‍മ്മം കൊണ്ട് സമ്പുഷ്ടമായ ബഹുമുഖ പ്രതിഭയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞത്.
ഏറെക്കാലും രാമന്തളിയിലെ മുദരിസ്സായി സേവനമനുഷ്ടിച്ച നാദാപുരത്തെ എ.പി കലന്തന്‍ മുസ്‌ല്യാര്‍ എന്ന ഖാദര്‍ മുസ്‌ലിയാര്‍ മതപഠനത്തിന് നേതൃത്വം വഹിക്കുമ്പോള്‍ മക്കളായ ശാദുലിയും മമ്മുവും കുഞ്ഞബ്ദുല്ലയും ഒപ്പം ഉണ്ടായിരുന്നു. അവരൊക്കെ രാമന്തളി ഗവണ്‍മെന്റ് മാപ്പിള സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായിരുന്നു. ശാദുലി എന്റെ ക്ലാസ്സ് മേറ്റുമായിരുന്നു. മക്കള്‍ക്ക് മത വിദ്യാഭ്യാ സത്തോടൊപ്പം ഭൗതീക വിദ്യാഭ്യാസവും നല്‍കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഠിതന്‍ കൂടിയായിരുന്നു നീണ്ടു മെലിഞ്ഞ ശരീരപ്രകൃതക്കാരനും സാത്വികനുമായ കലന്തന്‍ മുസ്ഥ്യാര്‍. ദര്‍സ് വിദ്യാര്‍ത്ഥിയായ ഞാനും ശാദുലിയും അടുത്തിരുന്നായിരുന്നു ദര്‍സ് പഠനം. വിദ്യാര്‍ത്ഥികള്‍ക്ക് പേടി സ്വപ്നമായിരുന്നു ‘കലന്തന്‍ മൊയ്‌ലാര്‍ക്ക”. ഞാനും ശാദുലിയും അടുത്ത സഹപാഠികളായിരുന്നു.
പിന്നീട് ഞങ്ങള്‍ വേര്‍പിരിഞ്ഞു. ശാദുലി മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നിന്നും ഞാന്‍ തലശ്ശേരി ഗവണ്‍മെന്റ് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി.
സംസ്ഥാന എം.എസ്.എഫ് പ്രസിഡന്റ്പദം അലങ്കരിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. എം.എസ്.എഫ്‌നെ ജനകീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ മികച്ച സംഘാടക പ്രതിഭയായ ശാദുലിക്ക് കഴിഞ്ഞു. നിരവധി ഗ്രന്ധങ്ങള്‍ രചിച്ച അദ്ദേഹം സംഘടനയുടെ കെട്ടുറപ്പിനും സാമൂഹ്യ പ്രവര്‍ത്തനത്തനങ്ങള്‍ക്കും ജീവിതം സമര്‍പ്പിച്ചു. അതുകൊണ്ടു തന്നയാണ് നിരവധി സംഘടനകളെ നയിക്കാന്‍ സാധിച്ചത്. പത്ര കോളങ്ങളില്‍ പ്രത്യക്ഷപെട്ട ഗഹനമായ ലേഖനങ്ങളും പ്രോഞ്ച്വല പ്രഭാഷണങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. വിയോഗം മൂലം നേതാവിന് പുറമെ ഏറ്റവും അടുത്ത ഒരു സഹപാഠിയെയാണ് വ്യക്തിപരമായി എനിക്ക് നഷ്ടമായത്. അവസാനമായി കണ്ടുമുട്ടിയത് കോഴിക്കോട് വെച്ച് സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സിലില്‍ വെച്ചായിരുന്നു.
പരേതന്റെ പരലോക ജീവിതം ധന്യമാകാന്‍ സര്‍വ്വലോക രക്ഷിതാവിനോടു മനം നൊന്തു പ്രാര്‍ത്ഥിക്കുന്നു.






