ബസ് ചാർജ് വർധന ഉടൻ; മിനിമം ചാർജ് 10 രൂപ, മഞ്ഞ കാർഡിന് സൗജന്യ യാത്ര

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ ഉണ്ടായേക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി.ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും.മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ ദൂരത്തിന് മിനിമം നിരക്ക് 8 ല്‍ നിന്ന് പത്താകണമെന്നാണ് നിര്‍ദേശം. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 80 പൈസ എന്നത് ഒരു രൂപയാകും. ഇതിന് ആനുപാതികമായിട്ടാകും തുടര്‍ന്നുള്ള വര്‍ധനവും.

നവംബറിൽ വില വർധനയുമായി ബന്ധപ്പെട്ടു ചർച്ച നടന്നുവെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും.ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര.