ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികൾ കടന്നുകളഞ്ഞ സംഭവത്തിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി

കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനെതിരേയും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ കെയറിനുമെതിരേയും വകുപ്പുതല നടപടികൾ സ്വീകരിച്ച് സർക്കാർ.ഹോം സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്.സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ബുധനാഴ്ചയാണ് ആറ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയത്.അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നായിരുന്നു വിവരം.കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.

അതേ സമയം ചാടിപ്പോയ പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയ യുവാവ് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെയും നടപടിയെടുത്തിരുന്നു.സ്‌റ്റേഷനിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടു യുവാക്കളെയാണ് പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.അതേസമയം യുവാക്കൾ തെറ്റുകാരല്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. അവർ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെൺകുട്ടികൾ വെളിപ്പെടുത്തലുമായി വന്നിരുന്നു.

ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ മൊഴിനൽകിയിരുന്നു. മാത്രവുമല്ല ഒരു സുരക്ഷയുമില്ലാതെയാണ് ഹോമിന്റെ പ്രവർത്തനമെന്നും വ്യക്തമായിരുന്നു. ഇതിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടിരുന്നു. ബാക്കി കുട്ടികളെ വീട്ടുകാർക്കൊപ്പം അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.