വാവ സുരേഷിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റു ഗുരുതരാവസ്ഥയിലായ വാവ സുരേഷിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് വിവരം. ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്.

ഇന്നലെ രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയിലായിരുന്നു സംഭവം വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ.പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിൻ്റെ മുട്ടിന് മുകളില്‍ കടിയേൽക്കുകയായിരുന്നു.തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.സുരേഷിൻ്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിൻ്റെ ഇടയിൽ ഒളിച്ചു.സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിൻ്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നേരത്തെ പല തവണ വാവ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. 2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ നിന്നും അണലിയെ പിടി കൂടവെ കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക