കോവിഡ് തീവ്ര വ്യാപനം; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നാലു ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളാണ് പുതുതായി സി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

നേരത്തെ തന്നെ സി കാറ്റഗറിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ല അതെ കാറ്റഗറിയിൽ തന്നെ തുടരും.ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറി സി-യിൽ ഉൾപ്പെടുത്തുന്നത്.

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ)ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ.

നേരത്തെ കോട്ടയം ജില്ല എ കാറ്റഗറിയിലും മറ്റു ജില്ലകൾ ബി കാറ്റഗറിയിലും ആയിരുന്നു.അതേ സമയം മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍.

ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്.17 ഐസിയു കിടക്കകളും 23 ഓക്സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്.ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.മലപ്പുറത്തും കോഴിക്കോടും കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്നും സൂചനയുണ്ട്.