പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ച് പഞ്ചാബ് സർക്കാർ

ന്യൂഡൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടത്താനായി ഉന്നതതല സമിതിയെ പഞ്ചാബ് സർക്കാർ നിയോഗിച്ചു.റിട്ട. ജസ്റ്റിസ് മെഹ്താബ് സിങ് ഗിൽ, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ എന്നിവരടങ്ങുന്നതാണ് സമിതി. 3 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇതിനിടെ സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജിയെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജൻസ് വകുപ്പിൻ്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, പഞ്ചാബ് പൊലീസ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി പ്രത്യേക പാത സജ്ജീകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൂടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കും.
സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിൻ്റെ (എസ്പിജി) ബ്ലൂ ബുക്കിലെ നടപടികൾ പഞ്ചാബിൽ പാലിക്കപ്പെട്ടിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആരോപണം. ‘ബ്ലൂ ബുക്കിൽ’ വിഐപികളുടെ സുരക്ഷയ്ക്കുള്ള നടപടികളെക്കുറിച്ചു പരാമർശമുണ്ട്.
സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.
ഫിറോസ്പുരിൽ 42,750 കോടി രൂപയിൽ അധികം മുതൽമുടക്കുള്ള വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുന്നതിനായാണു പ്രധാനമന്ത്രി ബുധനാഴ്ച പഞ്ചാബിൽ എത്തിയത്.






